കിയ മോട്ടോഴ്‍സ് എംപിവി ആയ കാരൻസിനെ ഫെബ്രുവരി 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ക്ഷിണ കൊറിയന്‍  വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ്  മൂന്നു വരി എംപിവി ആയ കാരൻസിനെ ഫെബ്രുവരി 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും.  ഇന്ത്യൻ വിപണിയിലെ കിയയുടെ നാലാമത്തെ മോഡലാണ് കാരൻസ്.  യഥാർത്ഥ കിയ ഫാഷനിൽ, വിശാലമായ ചോയ്‌സുകളോടെ വാഹനം ലഭ്യമാകും.  ബുക്കിംഗ് തുക 25,000 രൂപയായി നിശ്ചയിച്ച് നിലവിൽ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

കിയ കാരൻസിന്റെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപൂർ നിർമ്മാണശാലയിൽ നിന്ന് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയയുടെ നാലാമത്തെ മോഡലാണ് കിയ കാരൻസ്. എസ്‌യുവിഷ് സ്റ്റൈലിംഗും സവിശേഷതകളുമുള്ള എംപിവി ഫെബ്രുവരിയിൽ പുറത്തിറക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. കിയ കാരൻസ് ഇന്ത്യയിൽ നിർമ്മിക്കുകയും 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

പെട്രോൾ, ഡീസൽ പവർട്രെയിനുകളുമായാണ് കിയ കാരൻസ് എത്തുന്നത്.  1.4-ടർബോ പെട്രോൾ, 1.5 പെട്രോൾ, 1.5-ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കാരെൻസ് വാഗ്ദാനം ചെയ്യും. എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്, കൂടാതെ ഏഴ് സ്പീഡ് ഡിസിടി (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഗിയർബോക്‌സും ഉൾപ്പെടുത്തും.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ കാരെൻസ് ലഭ്യമാക്കും. 10.25 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേയ്‌ക്കും ആൻഡ്രോയിഡ് ഓട്ടോയ്‌ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ് തുടങ്ങി നിരവധി ഹൈലൈറ്റുകൾ ടോപ്പ് വേരിയന്റിൽ ഉൾക്കൊള്ളുന്നു.

ആറ് എയർബാഗുകൾ, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, ടിപിഎംഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന നിരവധി സുരക്ഷാ ഫീച്ചറുകളും കിയ കാരൻസിനുണ്ടാകും. 14 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും ലോഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നിവയ്ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമായ കിയ കാരൻസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹ്യുണ്ടായി അൽകാസറുമായി നേരിട്ട് ഏറ്റുമുട്ടും. വാഹനത്തിനുള്ള ബുക്കിംഗ് അടുത്തിടെ കമ്പനി തുറന്നിരുന്നു.

Top