വിപണിയിലെത്തും മുന്‍പേ സൂപ്പര്‍ഹിറ്റായി സെല്‍റ്റോസ്

കിയ മോട്ടോഴ്‌സിന്റെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്.യു.വി)മായ സെല്‍റ്റോസ് ഈ മാസം 22ന് അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ട്. വില പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ 23,000 പ്രീ ബുക്കിങുകളാണ് വാഹനത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ സ്ഥാപിച്ച ശാലയില്‍ കിയ മോട്ടോഴ്‌സ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിക്കു പുറമേ മധ്യപൂര്‍വ, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കിയ മോട്ടോഴ്‌സ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. സെല്‍റ്റോസുമായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം അടുത്ത രണ്ടു വര്‍ഷത്തിനകം നാലു മോഡലുകള്‍ കൂടി ഈ ശാലയില്‍ നിര്‍മിക്കാനും കിയയ്ക്കു പദ്ധതിയുണ്ട്.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ്- 6) നിലവാരം പുലര്‍ത്തുന്ന മൂന്നു എന്‍ജിനുകളോടെയാവും സെല്‍റ്റോസിന്റെ വരവ്. 1.5 ലീറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ 115 ബി.എച്ച്.പി വരെ കരുത്ത് സൃഷ്ടിക്കുമ്പോള്‍ കാറിലെ 1.4 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന് 140 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് സഹിതവും സെല്‍റ്റോസ് വില്‍പ്പനയ്ക്കുണ്ടാവും. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.വി.ടി ഗീയര്‍ബോക്‌സും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടറുമാവും ട്രാന്‍സ്മിഷന്‍; അതേസമയം 1.4 ലീറ്റര്‍ ടര്‍ബോ പെട്രോളിനു കൂട്ടാവുക ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാവും.

ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രേറ്റയ്ക്കു പുറമെ എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ തുടങ്ങിയവയോടും ഏറ്റുമുട്ടുന്ന സെല്‍റ്റോസിന്റെ വില 11 മുതല്‍ 17 ലക്ഷം രൂപ വരെയാവുമെന്നാണു പ്രതീക്ഷ.

Top