ഇന്ത്യയിൽ 10 ലക്ഷം കാറുകൾ നിർമിച്ച് കിയ; സെൽറ്റോസ് 5.3 ലക്ഷം

ന്ത്യയിൽ 10 ലക്ഷം കാറുകൾ നിർമിച്ച് കിയ. ആന്ധ്രപ്രദേശിലെ അനന്തപൂർ നിർമാണശാലയിൽ നിന്നാണ് കിയ 10 ലക്ഷം കാറുകൾ പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തിൽ 10 ലക്ഷം പൂർത്തിയാക്കുന്ന വാഹന നിർമാതാക്കള്‍ എന്ന പേരും കിയയ്ക്കും സ്വന്തമായി. 10 ലക്ഷം തികച്ചുകൊണ്ട് ചെറു എസ്‍യുവി സെൽറ്റോസിന്റെ പുതിയ പതിപ്പാണ് അനന്തപൂർ ശാലയിൽ നിന്ന് പുറത്തുവന്നത്.

‌7.5 ലക്ഷം യൂണിറ്റ് പ്രദേശിക വിൽപനയും 2.5 ലക്ഷം യൂണിറ്റ് കയറ്റുമതിയും ചേർന്നാണ് നിർമാണം 10 ലക്ഷം പിന്നിട്ടത്. ഇതിൽ 532450 സെൽറ്റോസും 332450 യൂണിറ്റ് സോണറ്റും 120516 യൂണിറ്റ് കരൻസും 14584 യൂണിറ്റ് കാർണിവല്ലുമുണ്ട്. 2019 ലാണ് സെൽറ്റോസുമായി കിയ ഇന്ത്യൻ വിപണിയിൽ അറങ്ങേറിയത്. വിപണിയിലെത്തി ആദ്യ 46 മാസത്തിൽ തന്നെ സെൽറ്റോസിന്റെ വിൽപന 5 ലക്ഷം യൂണിറ്റ് പിന്നിട്ടു.

2019 ൽ പ്രവർത്തനം ആരംഭിച്ച അനന്തപൂർ ശാലയ്ക്കു വർഷം മൂന്നു ലക്ഷം വാഹനങ്ങൾ പുറത്തിറക്കാനുള്ള ശേഷിയുണ്ട്. നിലവിൽ 213 നഗരങ്ങളിലായ 432 ടച്ച് പോയിന്റുകൾ കിയയ്ക്കുണ്ട്. വരും വർഷങ്ങളിൽ 300 നഗരങ്ങളിലായി 600 ടച്ച് പോയിന്റുകൾ സ്ഥാപിച്ച് 10 ശതമാനം വിപണി വിഹിതം സ്വന്തമാക്കുക എന്നതാണ് കിയയുടെ ലക്ഷ്യം.

Top