ഇന്ത്യന്‍ വിപണിയില്‍ ഒക്ടോബറില്‍ വന്‍ വില്‍പ്പന നടത്തി കിയ

2021 ഒക്ടോബര്‍ മാസത്തിലെ വാഹന വില്‍പ്പന  കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യൻ വാഹന വിപണിയിൽ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. ഒക്ടോബറിലെ മികച്ച 10 വാഹനങ്ങളിൽ കിയയുടെ വാഹനങ്ങളും സ്ഥാനം പിടിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യത്തെ കിയ വാഹനമാണ് സെൽറ്റോസ്. ഏതാനും നാളുകൾക്കൊണ്ട് തന്നെ ഈ മോഡൽ ഇടത്തരം എസ്‌യുവി വിപണിയിൽ വളരെയധികം ഡിമാൻഡ് സൃഷ്ടിച്ചു. 2021 ഒക്ടോബറിൽ കമ്പനി 10,488 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.  ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. 2020 ഒക്ടോബറിലെ കമ്പനിയുടെ 8,900 യൂണിറ്റുകളുടെ വിൽപ്പനയേക്കാൾ 18% കൂടുതലാണിത്.

കിയ സോണറ്റ്, കിയ കാർണിവൽ എന്നിവയുടെ വിൽപ്പനയും 2021 ഒക്ടോബറിൽ മികച്ചതായിരുന്നു. സോണറ്റിന്‍റെ 5,443 യൂണിറ്റുകൾ വിൽപ്പന നടത്തിയപ്പോൾ,  400 കാര്‍ണിവല്‍ യൂണിറ്റുകള്‍ കമ്പനി വിറ്റതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഒക്ടോബറിൽ കിയ ഇന്ത്യ മൊത്തം 16,331 വാഹനങ്ങൾ വിറ്റു. ഇതിലും കിയ സെൽറ്റോസിന്റെ 2 ലക്ഷം യൂണിറ്റുകളും കിയ സോനെറ്റിന്റെ 1 ലക്ഷം യൂണിറ്റുകളും ലോഞ്ച് ചെയ്തതിന് ശേഷം വിറ്റഴിച്ചു.

ഇടത്തരം എസ്‌യുവി വിഭാഗത്തിൽ കിയയുടെ തന്നെ സഹോദരസ്ഥാപനമായ ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ ക്രെറ്റയെ മലര്‍ത്തിയടിച്ചാണ് കിയ സെൽറ്റോസിന്‍റെ കുതിപ്പ് എന്നതും ശ്രദ്ധേയം.  2021 ഒക്ടോബറില്‍ ക്രെറ്റയുടെ 6,455 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചത്. 2020ല്‍ ഇതേ മാസത്തിൽ കമ്പനി 14,023 ക്രെറ്റ വിൽപ്പന നടത്തിയിരുന്നു.

Top