കിയ സെല്‍റ്റോസ് വിപണിയിലെത്തി; വില 9.69 ലക്ഷം മുതല്‍

വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന കിയയുടെ എസ്.യു.വി സെല്‍റ്റോസ് വിപണിയിലെത്തി. സെല്‍റ്റോസിന്റെ അടിസ്ഥാന വകഭേദത്തിന് 9.69 ലക്ഷം രൂപ മുതലാണ് വില. ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന സെല്‍ടോസിന്റെ ടെക് ലൈനിന്റെ വില 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം വരെയും ജി.ടി ലൈനിന്റേത് 13.49 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയുമാണ്. ടെക് ലൈന്‍ 1.5 ലീറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളോടെ ലഭിക്കുമ്പോള്‍ ജി.ടി ലൈന്‍ 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെയാണ് വിപണിയിലെത്തിയത്.

പ്രീമിയം ഇന്റീരിയറാണ് സെല്‍റ്റോസിന്. സണ്‍ റൂഫടക്കം പ്രീമിയം കാറുകള്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും ഈ എസ്.യു.വിയിലുണ്ട്. സെഗ്മെന്റില്‍ ആദ്യമായി ഹെഡ്‌സ് അപ് ഡിസ്‌പ്ലേ വാഹനത്തില്‍ ഇടം പിടിച്ചു. കൂടാതെ 360 ഡിഗ്രി ക്യാമറയും മൂഡ് ലൈറ്റിങ്ങും ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്. ഹെഡ് ലാംപും ഐസ് ക്യൂബിനെ അനുസ്മരിക്കുന്ന ഫോഗ് ലാംപുമെല്ലാം വ്യത്യസ്ത ലുക്കാണ് സെല്‍റ്റോസിന് നല്‍കുന്നത്.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ് 6) നിലവാരം പുലര്‍ത്തുന്ന മൂന്നു എന്‍ജിനുകളോടെയാണ് സെല്‍റ്റോസിന്റെ വരവ്. 1.5 ലീറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ 115 ബി.എച്ച്.പി വരെ കരുത്ത് സൃഷ്ടിക്കുമ്പോള്‍ കാറിലെ 1.4 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന് 140 ബി.എച്ച്.പി കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക് ഗീയര്‍ബോക്‌സും ഈ എന്‍ജിന്റെ കൂടെ ലഭിക്കും. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഐവിടി ഓട്ടമാറ്റിക്ക് ഗീയര്‍ബോക്‌സും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവലും ആറ് സ്പീഡ് അഡ്വാന്‍സിഡ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍.

Top