ടൊയോട്ട ഇന്നോവയെ തകര്‍ക്കാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയിലേക്ക്

രാജ്യാന്തര വിപണിയില്‍ കിയ മോട്ടോര്‍സ് വില്‍ക്കുന്ന വലിയ എംപിവിയായ കാര്‍ണിവല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക്. സെല്‍റ്റോസ് എസ്യുവിക്ക് പിന്നാലെയാണ് കാര്‍ണിവലിനെ ഇന്ത്യയിലെത്തിക്കുന്നത്. 24 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കിയ കാര്‍ണിവലിന് വിപണിയില്‍ പ്രാരംഭ വില പ്രതീക്ഷിക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായാണ് കാര്‍ണിവലിന്റെ കടന്നുവരവ്.

ഇന്നോവയെക്കാള്‍ വലുപ്പവും സൗകര്യങ്ങളും കിയ എംപിവിക്കുണ്ട്. 5,155 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും കാര്‍ണിവല്‍ കുറിക്കും. വീല്‍ബേസ് 2,060 mm. ഇന്നോവ ക്രിസ്റ്റയെക്കാള്‍ 380 mm നീളവും 155 mm വീതിയും കാര്‍ണിവലിനുണ്ടെങ്കിലും ഉയരത്തിന്റെ കാര്യത്തില്‍ കിയ എംപിവി 40 mm താഴെപോകും. മോണോകോഖ് ഷാസിയാണ് കാര്‍ണിവലിന് ആധാരം.

തെന്നിമാറുന്ന ഡോര്‍ ശൈലിയാണ് കാര്‍ണിവലിന്. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ വൈദ്യുത ഡോറുകള്‍ ഒരുങ്ങും. എംപിവിയുടെ സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ കിയ സ്വീകരിക്കുമെന്നാണ് വിവരം. ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍സൈഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാര്‍ണിങ് മുതലായ നിരവധി സജ്ജീകരണങ്ങള്‍ കാര്‍ണിവലില്‍ സുരക്ഷ ഉറപ്പുവരുത്തും.

മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും കിയ കാര്‍ണിവലിലുണ്ട്. കാര്‍ണിവലില്‍ R 2.2 E-VGT ഡീസല്‍ എഞ്ചിനായിരിക്കും ഇടംപിടിക്കുക. 3,800 rpm -ല്‍ 199 bhp കരുത്തും 1,750 – 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Top