2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റുമായി കിയ

കിയ മോട്ടോർസ് തങ്ങളുടെ മുൻനിര എംപിവിയായ കാർണിവലിന്റെ അടുത്ത തലമുറയെ 2020 ഓഗസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, നിർമ്മാതാക്കൾ കൊറിയയിൽ ഹൈ-ലിമോസിൻ രൂപത്തിൽ കാർണിവലിനായി കൂടുതൽ പ്രീമിയം ട്രിം അവതരിപ്പിച്ചിരിക്കുകയാണ്. ഏഴ്/ ഒമ്പത് സീറ്റർ കോൺഫിഗറേഷനുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഈ പ്രത്യേക വേരിയന്റ് കിയയുടെ മുൻനിര എംപിവിയിലേക്ക് ലിമോസിൻ പ്രീമിയങ്ങൾ ചേർക്കുന്നു.

ഹൈ-ലിമോസിനിൽ ഏറ്റവും ദൃശ്യമായ വ്യത്യാസം ഉയർന്ന റൂഫാണ്, അത് ലഗേജ് സ്പെയിസിനായി രൂപകൽപ്പന ചെയ്തതാവാം എന്നുതോന്നുമെങ്കിലും, ഇത് യഥാർത്ഥത്തിൽ ഹെഡ്‌റൂം വർധിപ്പിക്കുന്നതിനാണ്. സൈഡ് സ്റ്റെപ്പുകൾ, ഉയർന്ന റൂഫിന്റെ പിൻഭാഗത്ത് ഒരു എൽഇഡി ഓക്സിലറി ബ്രേക്ക് ലൈറ്റ്, ഫ്രണ്ട് ബമ്പർ ഗാർഡ്, ഹൈ-ലിമോസിൻ ബാഡ്ജിംഗ് എന്നിവയും മറ്റ് ബാഹ്യ ട്വീക്കുകളും മോഡൽ ഉൾക്കൊള്ളുന്നു. ക്യാബിനിൽ യഥാർത്ഥത്തിൽ ലോഞ്ച് പോലുള്ള വെളുത്ത തീമും രണ്ടാമത്തെ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും ലെഗ് റെസ്റ്റുകളുമുണ്ട്. രണ്ടാമത്തെ വരിയുടെ മധ്യഭാഗത്ത് 21.5 ഇഞ്ച് വിശാലമായ എന്റർടെയിൻമെന്റ് സംവിധാനവും നിർമ്മാതാക്കൾ ഒരുക്കുന്നു.

എൽഇഡി ആംബിയന്റ് മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഹീറ്റഡ് & കൂൾഡ് കപ്പ് ഹോൾഡറുകൾ, പ്ലേറ്റഡ് സൈഡ് കർട്ടനുകൾ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ എൽഇഡി റീഡിംഗ് ലൈറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ കാർണിവൽ ഹൈ-ലിമോസിൻ 294 bhp കരുത്തും / 355 Nm torque ഉം പുറപ്പെടുവിക്കുന്ന 3.5 ലിറ്റർ V6 ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. സ്റ്റാൻഡേർഡ് കാർണിവലിന് 272 bhp കരുത്തും / 332 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ MPI V6 പെട്രോളും 202 bhp കരുത്തും / 440 Nm torque ഉം വികസിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കും.

ഹൈ-ലിമോസിൻ ട്രിം ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല , എന്നാൽ മൂന്നാം തലമുറയിലെ കാർണിവൽ ഹൈ-ലിമോസിൻ ട്രിം 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു.

Top