ഖത്തറിന് ലോകകപ്പ് അനുവദിച്ച സംഭവം; മിഷേല്‍ പ്ലാറ്റിനി കസ്റ്റഡിയില്‍

മുന്‍ യുവേഫ പ്രസിഡന്റും ഫ്രാന്‍സിന്റെ ഇതിഹാസതാരവുമായ മിഷേല്‍ പ്ലാറ്റിനി കസ്റ്റഡിയില്‍. 2022-ലെ ലോകകപ്പ് ഖത്തറിന് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

ഫ്രഞ്ച് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തത്. പ്ലാറ്റിനിയുടെ ചേദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2010-ലാണ്, ഖത്തറിനെ 2022 ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ ഫിഫ തിരഞ്ഞെടുത്തത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. അന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസിയുടെ ഇടപെടലുകളെത്തുടര്‍ന്ന് യുവേഫയെ ഫിഫയേയും സ്വാധീനിച്ച് ലോകകപ്പ് ഖത്തറിന് അനുവദിച്ചെന്നാണ് പ്ലാറ്റിനിക്കെതിരായ ആരോപണം.

അന്ന് മുതല്‍ ലോകകപ്പ് ഖത്തറിന് അനുവദിച്ചതില്‍ ഒത്തുകളിയുണ്ടോയെന്ന് സംശയമുയര്‍ന്നിരുന്നു. പിന്നാലെ മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററില്‍ നിന്ന് വന്‍ തുക സ്വീകരിച്ചതിന് പ്ലാറ്റിനിക്കെതിരെ നടപടിയെടുത്തതോടെയാണ് ഖത്തര്‍ ലോകകപ്പ് വിവാദം വീണ്ടും ചര്‍ച്ചയായത്. 2015-ല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. പിന്നാലെ എട്ട് വര്‍ഷത്തെ വിലക്കും നേരിട്ടു. പിന്നീടത് അപ്പീലിലൂടെ നാല് വര്‍ഷമാക്കി ചുരുക്കി. ബ്ലാറ്ററും ഇപ്പോള്‍ വിലക്ക് നേരിടുകയാണ്.

Top