ഖഷോഗി കൊലപാതകം; സൗദിയ്‌ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അമേരിക്ക കടുത്ത നടപടികള്‍ ആരംഭിച്ചു. കൊലപാതകത്തിന് ഉത്തവാദികളായ സൗദി നയതന്ത്ര ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കി. കൂടുതല്‍ ശക്തമായ നടപടികള്‍ ഇനിയും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നല്‍കി.

വാണിജ്യ ആവശ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പങ്കാളി കൂടിയായ സൗദിയ്‌ക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാണ് നടപടികളെടുത്തതെന്നതും ട്രംപിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

സൗദിക്കെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ചെങ്കിലും അവരുമായുള്ള 11,000 കോടി ഡോളര്‍ ആയുധക്കരാര്‍ റദ്ദാക്കില്ലെന്നും 45,000 കോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും വലിയ നിക്ഷേപ പങ്കാളിയാണ് സൗദി. ലക്ഷകണക്കിന് തൊഴിലവസരങ്ങളാണ് സൗദി മുഖേന അമേരിക്കയ്ക്ക് ലഭിക്കുന്നത്.

അതുകൊണ്ട് തന്നെ അവര്‍ക്കെതിരായ ഓരോ നടപടിയും സ്വയം മുറിപ്പെടുത്തലാണ് ട്രംപ് തുറന്ന് സമ്മതിച്ചു. സൗദിക്കെതിരെ നടപടികള്‍ അവസാനിക്കുന്നില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് കോണ്‍ഗ്രസ്സുമായും മറ്റ് രാജ്യങ്ങളുമായി ആലോചിച്ച് സൗദിക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കും. സൗദി പൗരനാണെങ്കിലും അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗി. ഖഷോഗിയെ കാണാനില്ലെന്ന സൗദിയുടെ വിശദീകരണത്തില്‍ ആദ്യം അമേരിക്ക തൃപ്തിപ്പെട്ടെങ്കിലും ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അമേരിക്ക മലക്കം മറിയുകയായിരുന്നു.

തുര്‍ക്കിയിലേക്ക് പോയ സിഐഎ മേധാവി ജിനാ ഹാസ്‌പെലിന് നിജസ്ഥിതി റിപ്പോര്‍ട്ടുമായി ഉടന്‍ തിരികെ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖഷോഗിയെ കൊലപാതകത്തില്‍ നിലവില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് സംശയ നിഴലിലുള്ളത്. കൊലപാതകം പൈശാചികമാണെന്നും ഉത്തരവാദികള്‍ ഉടന്‍ ശിക്ഷിക്കപ്പെടുമെന്നും തുര്‍ക്കി പ്രസിഡന്റ് എല്‍ദോഗനും പ്രഖ്യാപിച്ചിട്ടുണ്ട്.

Top