കോവിഡ് പ്രതിരോധം; പ്രധാനമന്ത്രിക്ക് ആറുനിര്‍ദ്ദേശങ്ങളടങ്ങിയ കത്തയച്ച് ഖാര്‍ഗെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് എം.പി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. ആറു കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയുമാണ് കത്തില്‍ ചൂണ്ടികാണിച്ചിട്ടുള്ളത്. സാധാരണക്കാരായ ആളുകള്‍ പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി ഭൂമിയും ആഭരണങ്ങളുമെല്ലാം വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

ആറോളം നിര്‍ദ്ദേശങ്ങളും കത്തില്‍ ഖാര്‍ഗെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് കൂട്ടായ, ഐക്യത്തോടെയുളള സമീപനമാണ് ഉണ്ടാകേണ്ടതെന്നും കേന്ദ്രം അതിന്റെ കടമകള്‍ ഒഴിഞ്ഞതിനാല്‍ സിവില്‍ സമൂഹവും പൗരന്മാരും അസാധാരണമായ ദേശീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നിര്‍ദ്ദേശം കോവിഡ് പ്രതിരോധത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാനായി സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ്.

എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി അനുവദിക്കപ്പെട്ട 35,000 കോടി രൂപ ഉപയോഗിക്കണം. വാക്‌സിന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് വര്‍ധിപ്പിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാക്‌സിനുമുളള നികുതി ഒഴിവാക്കണം. തൊഴിലില്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി എംഎന്‍ആര്‍ഇജിഎയുടെ കീഴില്‍ പ്രവൃത്തിദിനങ്ങളും മിനിമം ശമ്പളവും വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

Top