തൃശ്ശൂരിൽ മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ;ഫെഡറലിസത്തെ തകർക്കാൻ ശ്രമമെന്നാരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ന്യൂനപക്ഷങ്ങളേയും വനിതകളേയും ബാധിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു. തൃശ്ശൂരില്‍ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറലിസത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സാഹോദര്യം, പരസ്പര വിശ്വാസം എന്നീ ആശയങ്ങളില്‍ മോദി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ സ്വകാര്യമേഖലയെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് തേടിയെത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നാണ് സഹോദരിമാരോട് പറയാനുള്ളത്. കേരളത്തിലും യുവാക്കള്‍ക്കും എതിരായി അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍നിന്നും ആളുകള്‍ക്ക് നേരെ അതിക്രമം ഉണ്ടാവുന്നു. കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് മണിപ്പുരില്‍ പോകാമെങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയായ മോദിക്ക് സാധിക്കുന്നില്ല. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനും ലക്ഷദ്വീപില്‍ വിനോദയാത്ര നടത്താനും ചിത്രമെടുക്കാനും മോദിക്ക് സമയമുണ്ട്, എന്നാല്‍ മണിപ്പുരില്‍ മാത്രം പോകാന്‍ സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുര്‍ബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ തന്നെ ജയിക്കാന്‍ കഴിയും. കേരളത്തില്‍ ബിജെപിയുടേയോ മോദിയുടേയോ മറ്റ് പാര്‍ട്ടികളുടേയോ പതാക ഉയരാന്‍ അനുവദിക്കരുത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരേയും ബംഗാള്‍ മുതല്‍ ഗുജറാത്ത് വരേയുമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന്റെ ഏതാനും ഭാഗത്ത് മാത്രമേയുള്ളൂ. അവര്‍ക്ക് രാജ്യത്തെയും ജനങ്ങളേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളായി എടുത്ത് പറഞ്ഞ ഘാര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കെ. കരുണാകരനേയും എ.കെ. ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ രണ്ട് തവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതുമാസമായിട്ടും മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ഈ കുറുക്കന്റെ ലക്ഷ്യം കേരളത്തിലേയും തൃശ്ശൂരിലേയും ജനങ്ങള്‍ക്ക് അറിയാം. രാജ്യത്തെ ജനങ്ങളുടെ മനസിലേക്ക് വിദ്വേഷത്തിന്റേയും പകയുടേയും വിത്തുകള്‍ പാകാനാണ് ‘മോദി ഗ്യാരന്റി’യിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20-ല്‍ ഇരുപത് സീറ്റും യു.ഡി.എഫ്. നേടുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.

Top