ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെയിൽ ഇടം നേടി ഖാലിദ് റഹ്മാൻ ചിത്രം ലവ്

ഫെബ്രുവരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇടം നേടി ഖാലിദ് റഹ്മാൻ ചിത്രം ലവ്. മലയാളം സിനിമ ടുഡേ എന്ന കാറ്റഗറിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പൂർണമായും കോവിഡ് കാലത്ത് ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ്. ദീപ്തി- അനൂപ് എന്നീ ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തർക്കങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം നേരത്തെ ജി.സി.സിയിലും യുഎ യിലും റിലീസ് ചെയ്തിരുന്നു. ലോക്ക് ഡൗണിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎ.യിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് ലവ്.

24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. അനുരാഗ കരിക്കിൻ വെള്ളത്തിനും ഉണ്ടക്കും ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ആഷിഖ് ഉസ്മാനാണ്. ഗോകുലൻ ,വീണ നന്ദകുമാർ ,ജോണി ആന്റണി ,സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. യാക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

Top