ഖലീൽ അഹമ്മദ് ഇന്ത്യൻ ടീമിൽ കളിക്കാൻ പാകമായില്ല – ശ്രീകാന്ത്

ന്യൂഡൽഹി: ഖലീൽ അഹമ്മദ് ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ പാകമായിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. രാജസ്ഥാനിൽനിന്നുള്ള ഇടങ്കയ്യൻ പേസ് ബോളറാണ് ഖലീൽ. ബംഗ്ലദേശിനെതിരായ ട്വന്റി20 യിലെ
ആദ്യ രണ്ട് മത്സരത്തിലെ പ്രകടനത്തെ വിലയിരുത്തിയായിരുന്നു ശ്രീകാന്തിന്റെ വിമർശനം.

‘ഉള്ളതുപറഞ്ഞാൽ ഈ തലത്തിൽ കളിക്കാൻ ഖലീൽ അഹമ്മദ് ഇപ്പോഴും പാകമായിട്ടില്ല. തെറ്റുതിരുത്താനും വളർച്ചയ്ക്കും സാധ്യതയില്ലെന്നല്ല പറയുന്നത്. പക്ഷേ, അദ്ദേഹം എത്രയും വേഗം കാര്യങ്ങൾ പഠിച്ചെടുക്കണം’ – എന്നാണ് ശ്രീകാന്ത് പറഞ്ഞത്.

കൂടാതെ ടീമിലുള്ള മറ്റ് അംഗങ്ങളെ കുറിച്ചും ശ്രീകാന്ത് പറഞ്ഞു.‘ദീപക് ചാഹർ അല്‍പം വ്യത്യസ്തകളുള്ള ബോളറാണ്. പക്ഷേ അന്തരീക്ഷം സഹായിക്കണമെന്നു മാത്രം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ചാഹറിന് എത്രകണ്ടു ശോഭിക്കാനാകുമെന്ന് സംശയമാണ്. കുറച്ചുകൂടി വൈവിധ്യം ബോളിങ്ങിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ചാഹറിന് ടീമിൽ സ്ഥാനമുറപ്പിക്കാം’

‘മുൻനിരയിലെ ചില ഒറ്റപ്പെട്ട മാറ്റങ്ങൾ ഒഴിവാക്കിയാൽ വിരാട് കോലിയെ സംബന്ധിച്ച് ട്വന്റി20 ബാറ്റിങ് നിര സന്തുലിതമാണ്. ബോളിങ്ങിന്റെ കാര്യത്തിൽ പക്ഷേ, ചില ആശങ്കകളുണ്ട്. സീനിയർ ബോളർമാർക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ തീർന്നു’ – എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top