50 കോടി പോയിട്ട് 50 രൂപ പോലും നൽകില്ല; മോഹൻലാലിനോട് ശോഭന ജോർജ്ജ്

തിരുവനന്തപുരം: ഖാദി വിഷയത്തില്‍ മോഹന്‍ലാലിന് മറുപടിയുമായി ശോഭന ജോര്‍ജ്ജ് രംഗത്ത്. മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്നാണ് ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്. ലാലിന്റെ വക്കീല്‍ നോട്ടിസിനെ നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ പറഞ്ഞു.

പരസ്യത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ച സംഭവത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അനാവശ്യമായി അധിക്ഷേപിച്ചതിന് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും. മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും ശോഭന ജോര്‍ജ്ജിന് അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിനും സ്ഥാപനത്തിന്റെ എംഡിക്കും സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് വക്കീല്‍ നോട്ടീസ് അയച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഖാദി ഉത്പന്നം എന്ന തരത്തില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞിരുന്നു.

Top