സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ രീതിയില്‍ ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടൈയിന്‍മെന്റ് മേഖലകള്‍ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തണം. ടി പി ആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങള്‍ തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിനമുള്ള പുതിയ പോസിറ്റീവ് കേസുകള്‍, ആക്ടീവ് കേസുകള്‍ എന്നിവ കൂടി കണക്കാക്കണമെന്ന് കെ ജി എം ഒ എ മുഖ്യമന്ത്രിക്കും വിദഗ്ധ സമിതിക്കും നല്‍കിയ കത്തില്‍ പറയുന്നു.

തുണിക്കടകള്‍ ഉള്‍പ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിര്‍ദേശവും കെ ജി എം ഒ എ മുന്നോട്ടുവയ്ക്കുന്നു. പാര്‍ട്ടീഷ്യന്‍ ചെയ്ത ടാക്‌സികളും ഓട്ടോകളും ഓടാന്‍ അനുവദിക്കണം, ഡ്രൈവര്‍ ക്യാബിനില്‍ യാത്ര അനുവദിക്കരുത്. ഭക്ഷണശാലകള്‍ തല്‍കാലം തുറക്കണ്ട. റിസോര്‍ട്ടുകളും ഹോട്ടലുകളും 25 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. വാക്‌സിന്‍ എടുത്തവരേയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരയേും പ്രവേശിപ്പിക്കാം. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണം.

ടി പി ആര്‍ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കണം. രോഗ ലക്ഷണങ്ങളുള്ളവരേയും അവരുടെ സമ്പര്‍ക്കത്തില്‍ ഉള്ളവരേയുമാണ് പരിശോധിക്കേണ്ടത്. കോളനികള്‍ തീരദേശ മേഖലകള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കണം.

വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായി മാറണമെന്നതാണ് കെ ജി എം ഒ എയുടെ മറ്റൊരു ആവശ്യം. ഔണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കാനുദ്ദേശിക്കുന്നെങ്കില്‍ അതിന്റെ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും കെ ജി എം ഒ എ കത്തില്‍ പറയുന്നു.

 

Top