മദ്യാസക്തിക്കു മരുന്ന് മദ്യമല്ല, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരം: കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കെ.ജി.എം.ഒ.എ. പറഞ്ഞു.

മദ്യം കിട്ടാത്തതിന്റെ മനോ വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യം പെട്ടെന്ന് കിട്ടാതായതോടെ മനോ വിഭ്രാന്തിയില്‍ അകപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും എല്ലാം ചെയ്യുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിനെതിരെയാണ് കെ.ജി.എം.ഒ.എ. ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് കെ.ജി.എം.ഒ.എ. പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും കെ.ജി.എം.ഒ.എ പറഞ്ഞു.

Top