ശമ്പളം പിടിക്കുന്നതിനെതിരെ കെ.ജി.എം.ഒ.എ വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്

doctors

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)രംഗത്ത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ജീവനക്കാരില്‍ നിന്നു പിടിച്ചെടുത്ത ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് സംഘടന നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും കോവിഡിനെതിരെ പൊരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.

Top