കേരളത്തിലും ‘റോക്കി ഭായ്’ തരംഗം, ഓപ്പണിങ് കളക്ഷനില്‍ ഒന്നാം സ്ഥാനം

റിലീസ് ചെയ്ത് ഒരുദിനം പിന്നിടുമ്പോള്‍ ചരിത്രം സൃഷ്ടിക്കുകയാണ് യഷ് നായകനായ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. കേരളത്തിലും ചിത്രം പുത്തന്‍ റെക്കോര്‍ഡുകള്‍ ആണ് സൃഷ്ടിക്കുന്നത്. കേരളം ബോക്‌സോഫീസിലെ ആദ്യദിന കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ചിത്രം.മോഹന്‍ലാല്‍ നായകനായ ചിത്രം ‘ഒടിയന്‍’, വിജയ് ചിത്രം ‘ബീസ്റ്റ്’ എന്നിവയുടെ കളക്ഷന്‍ തകര്‍ത്താണ് കെജിഎഫിന്റെ ബോക്‌സോഫീസ് വേട്ട. ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷന്‍ നേടി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തില്‍ കേരളത്തില്‍ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്.

അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ഇന്ത്യന്‍ ബോക്‌സോഫീസിലെ ആദ്യദിന കളക്ഷന്‍ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ?ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.

യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Top