വാഹന വിപണിയ്ക്ക് തിരിച്ചടി ; ആഢംബര വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും

LUXURIOUS VEHICLE

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ രാജ്യത്തെ വാഹന മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. അതേസമയം ആഢംബര കാര്‍ വില, ദേശീയപാത എന്നിവ സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പരാമര്‍ശമുണ്ടായി.

ആഢംബര കാറുകള്‍ക്ക് മേലുള്ള ജിഎസ്ടി നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ക്കും കേന്ദ്ര ബജറ്റ് ഇരുട്ടടി നല്‍കി. ആഢംബര കാറുകളുടെ വില വര്‍ധിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ നേരിട്ടല്ലെങ്കിലും വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വര്‍ധനവ് ആഢംബര കാറുകളിലും പ്രതിഫലിക്കും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റുകളില്‍ അഞ്ചു മുതല്‍ 15 ശതമാനം വരെയാണ് എക്‌സൈസ് നികുതി വര്‍ധനവ്.

കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളില്‍ അഞ്ചു മുതല്‍ 25 ശതമാനം വരെ എക്‌സൈസ് നികുതി വര്‍ധിക്കും. ഈ നടപടികള്‍ ആഢംബര കാറുകളുടെ വിലവര്‍ധനവിന് കാരണമാകും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍, കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളായാണ് ആഢംബര കാറുകള്‍ ഇന്ത്യയില്‍ എത്തുന്നത്.

കുതിക്കാന്‍ ഒരുങ്ങുന്ന വൈദ്യുത വാഹന മേഖലയ്ക്കും കേന്ദ്ര ബജറ്റ് പ്രഖ്യാപനം തിരിച്ചടിയേകി. വൈദ്യുത വാഹനങ്ങള്‍ക്ക് മേലുള്ള ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കും ബജറ്റ് പ്രഖ്യാപനം കരിനിഴല്‍ വീഴ്ത്തി.

അഞ്ചു ശതമാനം ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നായിരുന്നു വൈദ്യുത വാഹന നിര്‍മ്മാതാക്കളുടെ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈദ്യുത വാഹനങ്ങളുമായോ, വൈദ്യുത വാഹനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളോ സംബന്ധിച്ചു ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല.

Top