നവവരന്റെ കൊലപാതകം: പൊലീസിന് വീഴ്ചപ്പറ്റിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി

DGP Loknath Behera

തിരുവനന്തപുരം: കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു മണിക്കൂറിനുള്ളില്‍ എസ്‌ഐക്കെതിരെയുള്ള റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പിടിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ബെഹ്‌റ അറിയിച്ചു. ഞായറാഴ്ച കോട്ടയത്തുനിന്നു തട്ടിക്കൊണ്ടുപോയ എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ പി. ജോസഫ് (23) ആണ് മരിച്ചത്. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി ഇന്നലെ രാവിലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ പൊലീസ് തയാറായിരുന്നില്ല.

‘ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയോ ഇപ്പോള്‍ അന്വേഷിക്കാന്‍ സമയമില്ല’, പൊലീസ് നീനുവിനോട് പറഞ്ഞതിങ്ങനെയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയും അനാസ്ഥയുമാണ് കെവിന്റെ ജീവനെടുത്തത്. തന്റെ സഹോദരനാണ് കെവിനെ തട്ടിക്കൊട്ടുപോയതെന്ന് കരഞ്ഞ് പറഞ്ഞിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നീനു പറയുന്നു.

Top