കെവിന്‍ വധക്കേസ് ; മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്

KEVIN

കൊല്ലം: കെവിന്‍ വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന് നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികള്‍. പുനലൂര്‍ നെല്ലിപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ പമ്പ് ജീവനക്കാരും ഇന്ന് കോടതിയില്‍ ഹാജരാകും.

അതേസമയം ഇന്നലെ നടന്ന വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. സുനീഷ്, മുനീര്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.

അന്വേഷണ വേളയില്‍ പൊലീസ് കണ്ടെടുത്ത കൈവിന്റെ മുണ്ടും, പ്രതികള്‍ ഉപയോഗിച്ച വാളും മറ്റ് രണ്ടു സാക്ഷികള്‍ തിരിച്ചറിഞ്ഞു. കെവിന്റെ മുണ്ട് നാലാം പ്രതി ഷഫിന്‍ പൊലീസ് സാന്നിധ്യത്തില്‍ എടുക്കുന്നത് കണ്ടതായി നാട്ടുകാരനായ അലക്‌സ് പി ചാക്കോ മൊഴി നല്‍കി.

കഴിഞ്ഞ ജൂണ്‍ ഏഴിന് നിയാസിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പൊലീസിന് കൈമാറി. ഇക്കാര്യങ്ങള്‍ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ വിവാദത്തിനിടെ ഇരുവരും മൊഴി നിഷേധിക്കുകയായിരുന്നു.

ഷെഫിനെയും അലക്‌സ് തിരിച്ചറിഞ്ഞു പത്താം പ്രതി വിഷ്ണുവാണ് വാളുകള്‍ ഒളിപ്പിച്ചത്, വിഷ്ണു വാളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എടുത്ത് നല്‍കുന്നത് കണ്ടതായി പ്രദേശവാസി ഹരികുമാര്‍ മൊഴി നല്‍കി. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാര്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.

Top