കെവിന്‍ വധം ; വീഡിയോ കോള്‍ ചെയ്ത ഏഴാം പ്രതി ഷെഫിനെതിരെ കേസ്

kevin Murder case, Accused shefin

കൊച്ചി : പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കാരണം കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിക്കാനിടയായ സംഭവത്തിലെ ഏഴാം പ്രതി ഷെഫിനെതിരെ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഷെഫിന്‍ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

കോടതിയുടെയോ ജയിലറുടേയോ അനുമതി കൂടാതെ വീഡിയോ കോളിംഗ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഏറ്റുമാനൂര്‍ സിഐക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം എസ്പി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിന്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടു നാലരയ്ക്കായിരുന്നു പത്തു പ്രതികളെ കോടതിയില്‍ എത്തിച്ചത്.

കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടു നില്‍പ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടു വന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.

Top