കെവിന്റെ കൊലപാതകം : പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

kevin

കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. റിയാസ്, നിയാസ്, വിഷ്ണു, നിഷാദ് എന്നീ നാല് പ്രതികളെയെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ചാലിയേക്കര തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രതിഷേധം മുന്നില്‍കണ്ട് കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. അതേസമയം, മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് പ്രതികള്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

എന്നാല്‍ കെവിന്റേത് കൊലപാതകം തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക എന്നതാണ് പൊലീസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Top