കെവിന്‍ വധം ; പ്രതികള്‍ക്കെതിരായ മൊഴി പൊലീസ് ഭീഷണിയിലെന്ന് കൂറുമാറിയ സാക്ഷി

KEVIN

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇരുപത്തിയെട്ടാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നാണ് അബിന്‍ വിചാരണയ്ക്കിടെ അറിയിച്ചിരിക്കുന്നത്.

കെവിനെ തട്ടികൊണ്ട് പോകുന്നതുള്‍പ്പടെ അറിഞ്ഞിരുന്നെന്നും അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായുമാണ് അബിന്‍ ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇക്കാര്യം രഹസ്യമൊഴിയായും നല്‍കിയിരുന്നു. ഈ മൊഴിയാണ് വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്.

അതേസമയം കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു ഒന്നാം പ്രതി ഉള്‍പ്പടെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞിരുന്നു.

നീനു കെവിനുമായുള്ള വിവാഹ ശേഷം താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരന്‍ ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്‍കി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും സാക്ഷി ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും ബെന്നി പറഞ്ഞു. നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു.

എന്നാല്‍ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗര്‍ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.

2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. മേയ് 27-ന് പുലര്‍ച്ചെ അനീഷിന്റെ വീട് ആക്രമിച്ചാണ് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

Top