എസ്‌ഐയെ തിരിച്ചെടുത്തു; കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

kevin

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കൂടാതെ, നടപടി പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് പരാതി നല്‍കും.

അതേസമയം, കെവിന്‍ വധക്കേസില്‍ എസ്ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാളെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി കൊണ്ട് ഉത്തരവിറക്കി. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സസ്പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എം.എസ്.ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയതിനു ശേഷമായിരുന്നു നടപടി. ഐജി വിജയ് സാഖറെയ്ക്കു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടു പോയ ഉടന്‍ തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എഎസ്‌ഐ ടി.എം. ബിജുവിനെ സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവര്‍ധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണം.

Top