കെവിന്റെ മൃതദേഹം മഴയത്ത്: തെന്മലയില്‍ കോണ്‍ഗ്രസ്സ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം

KEVIN

കൊല്ലം: കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സിപിഎം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. ആര്‍ഡിഒയുടെയോ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. പൊലീസ് ഇന്‍ക്വസ്റ്റില്‍ വിശ്വാസമില്ലെന്ന കാരണം ഉന്നയിച്ചാണ് ആര്‍ഡിഒയുടെയോ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ കലഹിക്കുന്ന അത്രയും നേരം കെവിന്റെ മൃതദേഹം മഴയത്ത് കിടക്കുകയായിരുന്നു.

അതിനിടെ, കൊല്ലം റൂറല്‍ എസ്പി പി.അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായി രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിന്നീട് ആര്‍ഡിഒ ചുമതലപ്പെടുത്തിയതനുസരിച്ച് തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തി. പിന്നീട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസിന്റെ കസ്റ്റഡിയിലാണ്. വിരലടയാള പരിശോധനയുള്‍പ്പെടെ വിദഗ്ധ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് പൊലീസ്.

Top