കെവിന്‍ വധക്കേസ്: സുഹൃത്ത് ലിജോയുടെ നിര്‍ണായക മൊഴി പുറത്ത്

KEVIN-MURDER

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി പുറത്ത്. കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയെ അറിയിച്ചു. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.

‘ കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നല്‍കിയിരിക്കുന്നത്.

കെവിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. നീനുവിനെ തങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറയുന്നത് കേട്ടെന്നും അനീഷ് വ്യക്തമാക്കിയിരുന്നു.

നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

Top