കെവിന്‍ വധക്കേസില്‍ എട്ട് സാക്ഷികളുടെ വിസ്താരം ഇന്ന് നടക്കും

kevin

കൊല്ലം : കെവിന്‍ വധക്കേസില്‍ എട്ട് സാക്ഷികളുടെ വിസ്താരം ഇന്ന് നടക്കും. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. തട്ടിക്കൊണ്ടു പോയപ്പോള്‍ കെവിന്‍ ധരിച്ചിരുന്ന കൈലിമുണ്ടും പ്രതികള്‍ ഉപയോഗിച്ച വാളും കണ്ടെത്തിയത് ശരിവയ്ക്കുന്ന സാക്ഷികളെയും ഇന്ന് വിസ്തരിക്കും.

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാര്‍ മാന്നാനം മേഖലയില്‍ മൂന്ന് തവണ കണ്ടതായി പൊലീസുകാരന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന അജയകുമാറാണ് മൊഴി നല്‍കിയത്. കെവിന്‍ താമസിച്ചിരുന്നു വീടിന് നൂറ് മീറ്റര്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചുവെന്നും പ്രതികളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അജയകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ അജയകുമാര്‍ തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മടങ്ങിയ കാര്‍ പിന്നീട് രണ്ട് തവണ കൂടി മാന്നാനത്ത് കണ്ടു എന്നാണ് അജയകുമാറിന്റെ മൊഴി.

2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. മേയ് 27-ന് പുലര്‍ച്ചെ അനീഷിന്റെ വീട് ആക്രമിച്ചാണ് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

Top