കൊച്ചി : കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി. പുനലൂരിലെ വീട്ടിലുള്ള രേഖകളെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ കോടതിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നാണ് ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.
കെവിന്‍ വധക്കേസില്‍ പൊലീസ് അന്വേഷണം തുടരവേ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ മാനസിക രോഗിയാണെന്നായിരുന്നു ആരോപണം. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.