കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും

KEVIN

കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നീനുവിന്റെ പിതാവും സഹോദരനും അടക്കം 13 പ്രതികളാണുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം.

കഴിഞ്ഞ മെയ് 27നാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്റെ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ കോട്ടയത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേണത്തില്‍ വിമുഖത കാട്ടുകയും. രണ്ടാം ദിവസം കെവിന്റെ മൃതദേഹം തെന്മലക്കടുത്ത് ചാലിയേക്കര എസ്റ്റേറ്റില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.

കെവിന്‍ ഷാനുവിന്റെ സഹോദരിയായ നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നീനുവിന്റെ സഹോദരനും കൂട്ടാളികളും കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്. കെവിനെ പ്രതികള്‍ കരുതി കൂട്ടികൊലപ്പെടുത്തിയതാണെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളിന്‍ നിന്ന് കെവിന്‍ തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍ വച്ചു കാറില്‍ നിന്നു രക്ഷപെട്ടു. തൊട്ടുമുന്നില്‍ ചാലിയേക്കര പുഴയാണെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ പിന്തുടരുകയായിരുന്നുവെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

അക്രമി സംഘത്തെ നയിച്ചത് സാനുവാണെങ്കിലും സൂത്രധാരന്‍ ഷാനുവിന്റെ പിതാവ് ചാക്കോയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ സാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയുമാണ്. നരഹത്യ, തട്ടിക്കൊണ്ട് പോവല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘംചേര്‍ന്നുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Top