‘ കടക്ക് പുറത്ത് ‘ എന്നു പറഞ്ഞതിന് ഇങ്ങനെ അവസരം ഉപയോഗിച്ചാൽ എവിടെ എത്തും ?

പ്പോഴത്തെ ‘പ്രത്യേക’ രാഷ്ട്രീയ സാഹചര്യത്തില്‍ രൂക്ഷമായ എതിര്‍പ്പുണ്ടാകും എന്ന് മനസ്സിലാക്കി തന്നെ ചില കാര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുകയാണ്.

കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചതും പിന്നീട് മരണപ്പട്ടെ നിലയില്‍ കാണപ്പെട്ടതും നടക്കാന്‍ പാടില്ലാത്തതു തന്നെയാണ്‌. മന:സാക്ഷിയുള്ള ഒരു വ്യക്തിക്കും ഈ നടപടിയെ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണമാണെന്നുള്ള സൂചനയുള്ളത് സമഗ്രമായ അന്വേഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആന്തരീകാവയവ പരിശേധനാഫലം ലഭിച്ച ശേഷമേ ഡോക്ടര്‍മാര്‍ക്കുപോലും അന്തിമ നിഗമനത്തിലെത്താന്‍ പറ്റൂ. ആക്രമികളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ വീണതാണോ അതോ മുക്കി കൊന്നതാണോ എന്നാതാണ് ഇനി അറിയാനുള്ളത്.

എന്നാല്‍ ഇപ്പോള്‍ ഒരു വിഭാഗം സംഘടിതമായി ഈ മരണത്തിന്റെ പാപഭാരം മുഴുവന്‍ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും സര്‍ക്കാരിനും എതിരായി ഉപയോഗപ്പെടുത്തുന്നതും മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്യുന്നതുമെല്ലാം ‘ഹിഡണ്‍’ അജണ്ട മുന്‍ നിര്‍ത്തിയാണ്‌.

വ്യക്തിപരവും രാഷ്ട്രീയപരവുമായ ശത്രുതക്ക് പകരം വീട്ടാന്‍ ഇത്തരമൊരു കൊലപാതകത്തെ ആയുധമാക്കുന്നത് ആരായാലും ശരിയായ നടപടിയല്ല. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന മുഖ്യമന്ത്രി ‘കടക്ക് പുറത്ത് ‘ എന്ന് പറഞ്ഞതിലുള്ള അരിശം ഇത്തരം അവസരങ്ങളിലല്ല തീര്‍ക്കേണ്ടതെന്ന് കുത്തക മാധ്യമങ്ങള്‍ ഉള്‍പ്പെടെ മനസ്സിലാക്കുന്നത് നല്ലതാണ്.

മുന്‍പ് മുഖ്യമന്ത്രി കസേരയിലിരുന്ന ഉമ്മന്‍ ചാണ്ടിയോ, എ.കെ.ആന്റണിയോ വിഎസ്സോ അല്ല പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത . . ആരുടെ മുന്നിലും തല കുനിക്കാത്ത, മാധ്യമ സൗഹൃദത്തിന് പോകാത്ത പിണറായിയെ സംബന്ധിച്ച് ശത്രുകളും, ഭീഷണികളും വളരെ കൂടുതലാണ്. സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന കൊലവിളി മുതല്‍ നാം കണ്ടതാണ് അതെല്ലാം . . അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന-ജില്ലാ പൊലീസ് മേധാവികളുടെ ചുമതല തന്നെയാണ്. ഇവിടെ ഗാന്ധിനഗര്‍ എസ്.ഐ മുഖ്യമന്ത്രിക്ക് എസ്‌കോട്ട് പോയതിനാലാണ് കൊലപാതകം നടന്നതെന്ന മട്ടിലാണ് വ്യാപകമായ പ്രചരണം നടക്കുന്നത്. തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണത്.

cae8a53a-80fc-41a4-8166-6907e91795f1

ഒരു പരാതിയില്‍ നടപടി സ്വീകരിക്കാനും പ്രതികളെ പിടികൂടാനും എസ്.ഐ സ്ഥലത്ത് ഇല്ലങ്കിലും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് ഉത്തരവാദിത്വമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കോടതിയില്‍ പോകേണ്ടി വരുന്ന ഉദ്യോഗസ്ഥര്‍ എല്ലാം ഇത്തരം ചുമതലകള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കാറുമുണ്ട്. ഗ്രേഡ് എസ്.ഐമാരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ അപ്പോഴൊക്കെ സ്റ്റേഷനില്‍ ചാര്‍ജില്‍ ഉണ്ടാകാറുണ്ട്. എഫ്.ഐ.ആര്‍ ഇടാനും അന്വേഷണം നടത്താനു പ്രതികളെ പിടികൂടാനുമൊന്നും ഇക്കാര്യങ്ങള്‍ തടസ്സമല്ലെന്ന് അര്‍ത്ഥം. ഇനി എസ്.ഐയുടെ നിര്‍ദ്ദേശം തന്നെ വേണമെങ്കില്‍ അതിനാണ് വയര്‍ലെസ്സും മൊബൈല്‍ ഫോണും നല്‍കിയിരിക്കുന്നത്. ഇവിടെ പൈലറ്റ് ആരോപണത്തില്‍ കഴമ്പില്ലന്ന് ചൂണ്ടിക്കാണിക്കാനാണ് ഇക്കാര്യങ്ങള്‍ ഇത്രയും ചൂണ്ടിക്കാണിച്ചത്.

കെവിനെ കാണാനില്ലന്ന് ചൂണ്ടിക്കാട്ടി പിതാവും ഭാര്യയും പൊലീസ് സ്റ്റേഷനില്‍ വന്ന് പരാതിപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ കര്‍ക്കശ നടപടി സ്വീകരിക്കാതിരുന്നത് എസ്.ഐ ഉള്‍പ്പെടെ ആ പൊലീസ് സ്റ്റേഷനില്‍ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വലിയ വീഴ്ച തന്നെയാണ്. പരാതി അറിഞ്ഞിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്ന എസ്.പിയുടെ ഭാഗത്തും ഗുരുതര പിഴവുണ്ട്. ഇതിനാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്തതും എസ്.പിയെ സ്ഥലം മാറ്റിയതും. തുടര്‍ അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചതുമെല്ലാം.

ഇതിനകം തന്നെ പ്രധാന പ്രതികളെ പിടിച്ചു കഴിഞ്ഞു. ബാക്കി ഉള്ളവരെ പിടികൂടാനായി തമിഴകത്തുള്‍പ്പെടെ നാലു സംഘങ്ങളായി തിരിഞ്ഞ് അരിച്ചുപെറുക്കുകയാണിപ്പോള്‍ കേരള പൊലീസ്. ഇതുപോലെ ഒരു ദാരുണ സംഭവം ഉണ്ടായാല്‍ എങ്ങനെയാണോ ഒരു ഭരണകൂടം നടപടി സ്വീകരിക്കേണ്ടത് അത് കൃത്യമായി പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ക്രിത്യവിലോപം കാട്ടിയ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഐ.ജി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്നും അറിയുന്നു.

ഇവിടെ ആരെയാണ് സര്‍ക്കാരും പൊലീസും സംരക്ഷിച്ചത് ? ഏത് രാഷ്ട്രീയ സ്വാധീനത്തിനാണ് വഴങ്ങപ്പെട്ടത് ? കേരളത്തില്‍ ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ള സംഘടനകളാണ് സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍. എസ്.എഫ്.ഐ ആയാലും ഡി.വൈ.എഫ്.ഐ ആയാലും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് ഈ സംഘടനകള്‍ക്ക് സംസ്ഥാനത്തുള്ളത്.

ഡി.വൈ.എഫ്.ഐയുടെ രണ്ടു പ്രവര്‍ത്തകര്‍ ഈ കിരാത കൊലപാതക കേസില്‍ ഉള്‍പ്പെട്ടതിന് ആ സംഘടന എന്തു പിഴച്ചു ? സംഘടനാ പരമായ തീരുമാനത്തിന്റെയോ, രാഷ്ട്രീയ വിരോധത്തിന്റെയോ പേരില്‍ നടന്ന കൊലപാതകമാണോ കെവിന്റേത് ? ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ ഉത്തരവാദിത്വപ്പെട്ട ഒരു സംഘടന എന്തു നിലപാട് സ്വീകരിക്കുമോ അതു തന്നെയാണ് ഡി.വൈ.എഫ്.ഐ ഇവരെ സംഘടനയില്‍ നിന്നും പുറത്താക്കി കൊണ്ട് ദ്രുതഗതിയില്‍ സ്വീകരിച്ചത്.

കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനാണ്. അടുത്ത ബന്ധു എന്ന നിലയിലാണ് ഇയാള്‍ ഈ കൃത്യത്തില്‍ പങ്കെടുത്തത് എന്ന് വ്യക്തം. കൂടെ ഉണ്ടായിരുന്ന ഇഷാനും ഇവരുടെ ബന്ധുവാണ്. ഇവരെ രണ്ടുപേരെയും പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഈ കൊലപാതകത്തിന്റെ പേരില്‍ ശുഭ്ര പതാക ‘കൊത്തിപറിക്കുന്നവര്‍’ മകള്‍ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ജീവിക്കുന്നതില്‍ അസഹിഷ്ണുത കണ്ടെത്തിയ മാതാപിതാക്കളുടെയും ഇതിനെല്ലാം നേതൃത്വം കൊടുത്ത സഹോദരന്റെയും രാഷ്ട്രീയം എന്താണ് ചര്‍ച്ച ചെയ്യാത്തത് ? എവിടെ പോയി മധ്യമ ധര്‍മ്മം ?

ചെങ്ങന്നൂര്‍ ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഏകപക്ഷീയമായി സര്‍ക്കാരിനും ഭരണപക്ഷ സംഘടനകള്‍ക്കുമെതിരെ നടത്തിയ ഈ കടന്നാക്രമണം കെവിന്റെ ദാരുണ കൊലപാതകത്തിലുള്ള പ്രതിഷേധം കൊണ്ടു മാത്രമല്ലെന്ന് വ്യക്തമാണ്. സഹപ്രവര്‍ത്തകയെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന നേതാക്കളെ സംഭാവന ചെയ്ത പാര്‍ട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും രംഗത്തിറക്കി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിച്ചതും ചെങ്ങന്നൂരിലേ വിധിയെഴുത്തില്‍ കണ്ണും നട്ടാണ്.

കേരളം ഒറ്റമനസ്സോടെ പ്രതികരിക്കേണ്ട സംഭവത്തിലാണ് അവസരവാദപരമായ ഈ മുതലെടുപ്പ്. ശുഭ്ര പതാകയില്‍ ‘പാപം’ കണ്ടെത്തുന്നവര്‍ക്ക് മുഖ്യ പ്രതികളുടെ ഖദര്‍ രാഷ്ട്രീയ സംസ്‌കാരം പറയാനും ബാധ്യതയുണ്ട്. ഈ കൊലപാതക വാര്‍ത്ത അറിഞ്ഞതോടെ രംഗത്തിറങ്ങിയ ചില ജാതി-സംഘടനകള്‍ ഡിവൈഎഫ്‌ഐക്ക് നേരെ ഉയര്‍ത്തുന്ന ആരോപണങ്ങളും അപകടകരമാണ്. ജാതി-മത രഹിതമായ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തില്‍ തന്നെ അവ പകര്‍ത്തി മാതൃക കാട്ടിയ എത്രയോ നേതാക്കള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെയുണ്ട്.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിതിന്‍ കണിച്ചേരിയും എം.എ റഹീമും തന്നെ പ്രധാന ഉദാഹരണങ്ങളാണ്. മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ ചെയര്‍മാനായ നിതിന്‍ കണിച്ചേരി വിവാഹം കഴിച്ചത് ഷീജ മുരളിയെന്ന മുന്‍ എസ്.എഫ്.ഐക്കാരിയെയാണ്. കേരള സര്‍വകലാശാലാ സിന്‍ണ്ടിക്കേറ്റ് അംഗമായിരുന്ന റഹിം എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അമൃതയെയാണ് വിവാഹം കഴിച്ചത്. ഇതുപോലെ എടുത്ത് കാണിക്കാന്‍ അനവധി ഉദാഹരണങ്ങള്‍ ഉള്ള പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. ഇക്കാര്യം ജാതി-മത തിമിരം ബാധിച്ചവര്‍ക്കും വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കും ‘അറിയില്ലങ്കിലും’ കേരളത്തിന് അറിയാം എന്ന് ഓര്‍ക്കുക.

03e904ec-ef8e-4f0a-9e43-cdd370fc2971

കെവിനെ തെന്മലയില്‍ നിന്നെത്തിയ ബന്ധുക്കള്‍ ബലമായി തട്ടികൊണ്ട് പോയതില്‍ പരാതിപ്പെടാന്‍ സി.പി.എം ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറിക്കൊപ്പമാണ് കെവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. അക്രമി സംഘം വഴിയില്‍ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴി നല്‍കിയപ്പോഴും സി.പി.എം – ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളും കാണാതിരിക്കാനാവില്ല.

കുഴപ്പക്കാര്‍ ഉണ്ടാവാത്ത ഏത് മേഖലയാണ് ഉള്ളത് ? ‘പുകഞ്ഞ കൊള്ളി പുറത്ത് ‘എന്ന് പറഞ്ഞ് സ്വന്തം കുടുംബത്തില്‍ നിന്നും തന്നെ എത്രയോപേര്‍ പുറത്താക്കപ്പെടുന്നു. ഇപ്പോള്‍ ഈ ഹീന കൃത്യത്തിനു കൂട്ടുനിന്നവരെയും അത്തരത്തിലാണ് വിലയിരുത്തേണ്ടത്. വധുവിന്റെ സഹോദരനും മാതാപിതാക്കളും വന്നു വിളിച്ചപ്പോള്‍ ഇവര്‍ ചാടി പുറപ്പെടരുതായിരുന്നു. അത് വാഹനം ഏര്‍പ്പാടാക്കാനായാലും കൂട്ടിന് പോകാനായാലും.. മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഇവര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആയിരുന്നതില്‍ ആ സംഘടനയെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് എന്തിനാണ്‌?

ഒരാള്‍ എങ്ങനെയൊക്കെ ആയി മാറുമെന്ന് മുന്‍കൂട്ടി കണ്ട് സംഘടനയിലേക്ക് പ്രവേശനം കൊടുക്കാന്‍ ഞങ്ങളുടെ അറിവില്‍ ജോത്സ്യ പണി അറിയുന്നവരല്ല ഡി.വൈ.എഫ്.ഐ നേതാക്കള്‍. അവര്‍ മുന്നോട്ട് വയ്ക്കുന്ന ചുവപ്പ് പ്രത്യേയശാസ്ത്രമാകട്ടെ അത്തരം ‘പകിടി’ നിരത്തലിനു എതിരുമാണ്.

എന്നാല്‍ വധുവിന്റെ വീട്ടുകാരുടെ പ്രേരണയില്‍ വികാരത്തിന് അടിമപ്പെട്ട് തങ്ങളുടെ രണ്ടു പ്രവര്‍ത്തകര്‍ കൊടും കൃത്യത്തിലേക്ക് എടുത്ത് ചാടിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ ശരവേഗത്തില്‍ ആ സംഘടന നടപടി സ്വീകരിച്ചു. പുറത്താക്കിയ വിവരം അറിയിച്ച പത്രകുറുപ്പില്‍ തന്നെ കെവിന്റെ വീട്ടുകാര്‍ക്കും വധുവിനും വേണ്ടി നടത്തിയ ഇടപെടലുകളും തുറന്നു കാട്ടി. മുഴുവന്‍ പ്രതികളെയും പിടിക്കൂടാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ഇവരെ കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു(ഇപ്പേള്‍ മുഖ്യപ്രതികളെല്ലാം പിടിയിലായിരിക്കുകയാണ്). ഇതിനപ്പുറം ഇനി എന്ത് ചെയ്യാനാണ് ഡി.വൈ.എഫ്.ഐക്ക് ബാക്കിയുള്ളത് ? എന്ത് ചെയ്താലാണാവോ വിമര്‍ശകര്‍ തൃപ്തിപ്പെടുക ? അറിയാന്‍ ഞങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്.

തന്റെ മകനെ തട്ടികൊണ്ട് പോയപ്പോള്‍ ശക്തമായി ഇടപെട്ട് ഒപ്പം നിന്നത് സി.പി.എം ഏരിയാ സെക്രട്ടറിയാണെന്നും കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തി കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും ഇപ്പോള്‍ പിതാവ് ജോസഫ് പറഞ്ഞതെങ്കിലും പറ്റുമെങ്കില്‍ നിങ്ങള്‍ മുഖവിലക്കെടുക്ക്.

ചുവപ്പ് കണ്ട കാളയെ പോലെ കാര്യങ്ങള്‍ കാണുന്നവര്‍ ഈ അഭിപ്രായ പ്രകടനത്തെയും രൂക്ഷമായി വിമര്‍ശിക്കുമെന്ന് അറിയാം. എന്നാല്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട ഭാഷയില്‍ തന്നെ ആരെങ്കിലുമൊക്കെ പറയണമല്ലോ . .

Team express Kerala

Top