കെവിന്‍ വധക്കേസ് പ്രതിയെ മര്‍ദ്ദിച്ചത് ജയില്‍ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

കൊച്ചി: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചത് ജയില്‍ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചത്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. പുറത്ത് ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.

ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ടിറ്റോ ജെറോമിന് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 24ന് ചില തടവുകാര്‍ ജയിലില്‍ വച്ച് മദ്യപിച്ചിരുന്നു, ഇതെ ചൊല്ലി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതെന്നാണ് ടിറ്റോയുടെ മൊഴി.

മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കയോട് ചേര്‍ന്ന ഭാഗത്താണ് മര്‍ദ്ദനമേറ്റതെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ജഡ്ജിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിയ്ക്കും.

സംഭവത്തില്‍ മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു. പ്രിസണ്‍ ഓഫീസര്‍മാരായ ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണാണ് മാറ്റിയത്. ബിജു കുമാര്‍ എന്ന പ്രിസണ്‍ ഓഫീസറെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റി.

ടിറ്റുവിനെ ജയിലധികൃതര്‍ മര്‍ദിച്ചതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജെറോം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിതിനെ തുടര്‍ന്നാണ് ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് ജയിലിലെത്തി പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. ഡിഎംഒയോടും ജയില്‍ ഐജിയോടും തല്‍സ്ഥിതി അറിയാനും ആവശ്യപ്പെട്ടിരുന്നു.

Top