അമേരിക്കയ്ക്ക് ചരിത്ര നിമിഷം; ആദ്യമായി കറുത്ത വര്‍ഗക്കാരി യുഎസ് സുപ്രീം കോടതി ജഡ്ജിയായി

വാഷിങ്ടന്‍: യുഎസ് ചരിത്രത്തില്‍ ചരിത്രം കുറിച്ച് ഒരു കറുത്ത വര്‍ഗക്കാരി സുപ്രീം കോടതി ജഡ്ജിയായി. ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സനെ (51) ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തത് യുഎസ് സെനറ്റും അംഗീകരിച്ചതോടെയാണ് യുഎസില്‍ പുതുചരിത്രം രചിക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ 53-47 എന്ന വോട്ടിങ്ങിലൂടെ കെറ്റാന്‍ജി മറികടന്നു. മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രം തിരുത്തിയ ഈ തീരുമാനത്തിന് അനുകൂലമായി വോട്ടു ചെയ്തു.

യുഎസ് സുപ്രീം കോടതിയുടെ വൈവിധ്യം കൂടുതല്‍ വിപുലമാക്കുമെന്ന് തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കെറ്റാന്‍ജിയെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ബ്രെയര്‍ (83) വിരമിക്കുകയാണെന്ന് അറിയിച്ച ഒഴിവിലാണ് കെറ്റാന്‍ജി നിയമിതയാകുന്നത്. ബ്രെയറുടെ കീഴില്‍ ക്ലാര്‍ക്കായി സുപ്രീം കോടതിയില്‍ കെറ്റാന്‍ജി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.

”നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള നിമിഷമാണിത്. അമേരിക്കയുടെ വൈവിധ്യം നമ്മുടെ പരമോന്നത കോടതിയില്‍ പ്രതിഫലിക്കുന്ന ഒരു നടപടിയാണിത്. കെറ്റാന്‍ജി ഒരു മികച്ച ജഡ്ജിയായിരിക്കും.” കെറ്റാന്‍ജിയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നത് അവരോടൊപ്പം വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച ശേഷം ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ വംശജയായ ആദ്യ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഈ ചരിത്ര നിമിഷത്തിന് സെനറ്റില്‍ നേതൃത്വം നല്‍കിയത്.

1789ല്‍ സ്ഥാപിതമായ യുഎസ് സുപ്രീം കോടതിയില്‍ ഇതുവരെ 115 പേരാണ് ജഡ്ജിമാരായിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ മാത്രമാണ് വെള്ളക്കാരല്ലാത്തവരായി ഉള്ളത്. 1991ല്‍ നിയമിതനായ ക്ലാരന്‍സ് തോമസ്, 1991ല്‍ വിരമിക്കുകയും 1993ല്‍ അന്തരിക്കുകയും ചെയ്ത തര്‍ഗുഡ് മാര്‍ഷല്‍ എന്നീ കറുത്ത വര്‍ഗക്കാരായ പുരുഷന്മാരും ഹിസ്പാനിക്കായ സോണിയ സോട്ടോമേയറുമാണ് ഈ മൂന്നു പേര്‍. യുഎസ് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആറാമത്തെ വനിതാ ജഡ്ജിയുമാണ് കെറ്റാന്‍ജി. നാലു സ്ത്രീകള്‍ നിലവില്‍ യുഎസ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

 

Top