റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിലയിൽ വർദ്ധനവ്

കോട്ടയം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിലയിൽ വർദ്ധനവ്. നാലു മാസത്തിനിടെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് അഞ്ച് രൂപ വര്‍ധിച്ച് 22 രൂപയായി.

17 രൂപയില്‍ നിന്നാണ് വില വര്‍ധിച്ചത്. ഓരോ മാസവും ഒന്നും രണ്ടും രൂപ വര്‍ധിച്ചാണ് 22 രൂപയിലെത്തിയത്. പൊതുവിപണിയില്‍ 54 രൂപയാണ് വില.

സമ്പൂർണ വൈദ്യുതീകരണം നടന്ന കേരളത്തില്‍ പൊതുവിതരണശൃംഖലയിലൂടെ എന്തിന് മണ്ണെണ്ണ വിതരണമെന്ന ന്യായീകരണമാണ് കേന്ദ്രസര്‍ക്കാരിന്റേത്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയുമാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. മലയോരമേഖലയില്‍ വളരെ കുറച്ച് കുടുംബങ്ങള്‍ക്ക് മാത്രമാണ് നാല് ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാകുന്നത്.

പ്രതിവര്‍ഷം കേന്ദ്രവിഹിതമായി സംസ്ഥാനത്തേക്ക് 16 ലക്ഷം ടണ്‍ മുതല്‍ 21 ലക്ഷം ടണ്‍ വരെ അരി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭ്യമാകുന്നത് 14 ലക്ഷം ടണ്‍ അരി മാത്രമാണ്. ഈ അളവും മെല്ലെ കുറയാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് റേഷന്‍ വ്യാപാരികളെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലന്‍ പറയുന്നു.

Top