കോൺഗ്രസ്സ് ഗ്രൂപ്പുകൾ ആകാംക്ഷയിൽ, തോറ്റാലും എ ഗ്രൂപ്പിന് ആശ്വാസമാകും !

കോന്നിയില്‍ വലിയ രാഷ്ട്രീയ അട്ടിമറി സാധ്യത മുന്നില്‍ കണ്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്ത്. സിറ്റിംഗ് എം.എല്‍.എ ആയ അടൂര്‍ പ്രകാശിന്റെ നോമിനിക്ക് സീറ്റ് നല്‍കാതിരുന്നതും ഐ വിഭാഗം സിറ്റിംഗ് സീറ്റില്‍ എ വിഭാഗം നേതാവ് മത്സരിക്കുന്നതുമാണ് ഇരു പാര്‍ട്ടികളുടെയും പ്രതീക്ഷക്കാധാരം. ഗ്രൂപ്പിസമില്ല ഒറ്റക്കെട്ടാണ് എന്നാണ് പുറമെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നതെങ്കിലും അണികള്‍ക്കിടയില്‍ അടിയൊഴുക്കുകള്‍ വ്യക്തമാണ്.

ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. കെ.യു. ജനീഷ് കുമാറിന് പുറമെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവുക കൂടി ചെയ്തതോടെ അഗ്‌നിപരീക്ഷണമാണ് ഈ മണ്ഡലത്തില്‍ യു.ഡി.എഫ് നേരിടുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുത്ത സീറ്റില്‍ എ ഗ്രൂപ്പിനെ സംബന്ധിച്ച് വിജയം അനിവാര്യവുമാണ്. ശബരിമല വിഷയം വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫും ബി.ജെ.പിയും ഇവിടെ ഒരുപോലെ ശ്രമിക്കുന്നത്.

അടൂര്‍ പ്രകാശ് കുത്തകയാക്കി വച്ച കോന്നിമണ്ഡലം സീറ്റ് കൈവിട്ടാല്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അത് വലിയ കലാപത്തിനാണ് തിരികൊളുത്തുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും മറ്റ് നാലിടത്തും കോണ്‍ഗ്രസ്സുമാണ് മത്സരിക്കുന്നത്. ഈ നാലിലും കഴിഞ്ഞ തവണ മത്സരിച്ചത് ഐ ഗ്രൂപ്പ് പ്രതിനിധികളായിരുന്നു. ഇതില്‍ നിന്നാണ് കോന്നി സീറ്റിപ്പോള്‍ എ വിഭാഗം പിടിച്ചു വാങ്ങിയിരിക്കുന്നത്. അരൂരിലാകട്ടെ ‘ഐ’ ക്കാരിയാണെങ്കിലും ഷാനിമോള്‍ ആശ്രയിക്കുന്നത് പ്രധാനമായും എ വിഭാഗത്തെയാണ്.

ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ അത് ആയുധമാക്കി രമേശ് ചെന്നിത്തലക്കെതിരെ നീങ്ങാനാണ് എ വിഭാഗത്തിന്റെ തീരുമാനം.

കോന്നിയില്‍ വീണാല്‍ അതും എ ഗ്രൂപ്പ് നേട്ടമാക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുക. അരൂര്‍ ഒഴികെ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. പ്രതികൂല സാഹചര്യത്തിലും വിജയിക്കാവുന്ന ഈ മണ്ഡലങ്ങള്‍ കൈവിട്ടാല്‍ കൈ പൊള്ളുക രമേശ് ചെന്നിത്തലയ്ക്ക് തന്നെയായിരിക്കും. പ്രതിപക്ഷ നേതാവിന്റെ കസേര മാത്രമല്ല യു.ഡി.എഫ് ചെയര്‍മാന്റെ കസേരയും ആടും, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേരയും തെറിക്കും. യു.ഡി.എഫ് ഘടകകക്ഷികള്‍ കൊഴിഞ്ഞ് പോകാനുള്ള സാധ്യതയും ഇത്തരമൊരു സാഹചര്യത്തില്‍ വളരെ കൂടുതലാണ്.

നിലവില്‍ കേരള രാഷ്ട്രീയത്തിലെ സ്ഥിതി കോണ്‍ഗ്രസ്സിനും രമേശ് ചെന്നിത്തലക്കും അത്ര ശോഭകരമല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിച്ചില്ലെങ്കില്‍ ‘പണിപാളും’. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കഴിവല്ല, രാഹുല്‍ എഫക്ടാണ് തുണച്ചിരുന്നത്. യു.ഡി.എഫിന്റെ പ്രവര്‍ത്തനം ശരിക്കും വിലയിരുത്തപ്പെടുക ഈ ഉപതെരഞ്ഞെടുപ്പിലാണ്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ചെന്നിത്തലയുടേയും ഉറക്കം കെടുത്തുന്നത്.

പിണറായി സര്‍ക്കാറിനെതിരെ കാര്യമായി ഒരു പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ പോലും യു.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നടത്തിയ സമരങ്ങളാകട്ടെ സമ്പൂര്‍ണ്ണ പരാജയവുമായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല പൂര്‍ണ്ണ പരാജയമാണെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ മാത്രമല്ല, മുസ്ലീം ലീഗ് – കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു.

അവരും അവസരത്തിനായി കാത്തിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ അത് പൊട്ടിത്തെറിയിലാണ് കലാശിക്കുക. പാലായിലെ തോല്‍വിയുടെ ന്യായീകരണം മറ്റിടങ്ങളില്‍ തോറ്റാല്‍ ഏശുകയില്ല. അങ്ങനെ സംഭവിച്ചാല്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുമെന്നാണ് ഘടക കക്ഷികള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും ഈ നിലപാടില്‍ തന്നെയാണുള്ളത്. പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന് വി.എസ് അച്യുതാനന്ദനെ കണ്ടു പഠിക്കാനാണ് യു.ഡി.എഫ് അണികളും നേതാക്കളും രമേശ് ചെന്നിത്തലയെ ഓര്‍മ്മിപ്പിക്കുന്നത്.

പ്രതിപക്ഷത്തിന്റെ റോള്‍ പലപ്പോഴും നിയമസഭക്ക് പുറത്ത് ബി.ജെ.പി ഏറ്റെടുക്കുന്നത് തന്നെ രമേശ് ചെന്നിത്തലയുടെ വീഴ്ചയായാണ് യു.ഡി.എഫ് അണികള്‍ കാണുന്നത്. അവര്‍ പരസ്യമായി ഇക്കാര്യം പറയുന്നില്ലന്ന് മാത്രം.ചുരുക്കി പറഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ നിലനില്‍പ്പിന് തന്നെയാണ് ഇനി നിര്‍ണ്ണായകമാവാന്‍ പോകുന്നത്.

ഇടതുപക്ഷത്തിന് അരൂര്‍ നിലനിര്‍ത്തിയാല്‍ തന്നെ അത് വലിയ നേട്ടമാകും. ഇനി അരുര്‍ നഷ്ടപ്പെട്ട് മറ്റേത് മണ്ഡലം പിടിച്ചാലും പിടിച്ച് നില്‍ക്കാന്‍ എളുപ്പത്തില്‍ കഴിയും. കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ അത് ഭരണ തുടര്‍ച്ചക്കുള്ള പ്രതീക്ഷക്കാണ് വളമാവുക.

ബി.ജെ.പിയെ സംബന്ധിച്ചാകട്ടെ എന്ത് കിട്ടിയാലും അത് നേട്ടമാണ്. ബി.ഡി.ജെ.എസ് പോലും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും അവരെ സംബന്ധിച്ച് വലിയ വിജയമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ഡി.ജെ.എസിനെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ പോലും കാവിപട തയ്യാറായേക്കും.

എന്തു സാഹചര്യമുണ്ടായാലും ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. അരൂര്‍ നിലനിര്‍ത്തി മറ്റ് രണ്ടു സീറ്റുകളില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷവും മുന്നോട്ട് പോകുന്നത്.

Political reporter

Top