Kerla-assembly-election-oommen chandy

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലനില്‍പ്പിന് നിര്‍ണ്ണായകമാകും.

ഹൈക്കമാന്റിനോട് പടവെട്ടി നേടിയെടുത്ത 5 സീറ്റില്‍ ഒന്ന് അവസാനത്തെ അപ്രതീക്ഷിത കടുംവെട്ടില്‍ കൈവിട്ട് പോയെങ്കിലും നേടിയെടുത്ത മറ്റ് 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മാത്രം ‘ബാധ്യത’യായി മാറിയിരിക്കുകയാണ്.

തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന കെ ബാബു, ഇരിക്കൂറിലെ കെസി ജോസഫ്, കോന്നിയിലെ അടൂര്‍ പ്രകാശ്, കൊച്ചിയിലെ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ വിജയമാണ് ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയിലെ നിലനില്‍പ്പിന് അനിവാര്യമാകുന്നത്.

തൃക്കാക്കരയില്‍ മത്സരിക്കേണ്ടിയിരുന്ന ബെന്നി ബഹന്നാനെ അവസാന നിമിഷം വെട്ടിനിരത്തിയതില്‍ കടുത്ത അമര്‍ഷം എ ഗ്രൂപ്പിന് ഉണ്ടെങ്കിലും അവിടെ പകരക്കാരനായ പിടി തോമസ് എ ഗ്രൂപ്പുകാരനായതിനാല്‍ ‘പാലംവലി’ വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം.

ഹൈക്കമാന്റില്‍ നിന്ന് ഉമ്മന്‍ ചാണ്ടി ‘പിടിച്ചെടുത്ത’ മറ്റ് നാലു സീറ്റുകളില്‍ ഒന്നില്‍ പോലും പരാജയം സംഭവിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിക്കെതിരെ വിഎം സുധീരന്‍ ആയുധമാക്കും.

മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നില്‍ ഭാഗീകമായി വഴങ്ങുമ്പോഴും രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിച്ചത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയായിരിക്കുമെന്നാണ്.

ഭരണം നഷ്ടപ്പെട്ടാലും നാലംഗ സംഘത്തിന് തിരിച്ചടി നേരിട്ടാലും അത് ഉമ്മന്‍ ചാണ്ടിക്ക് നഷ്ടക്കച്ചവടമാകും.

സീറ്റ് വിഭജന ചര്‍ച്ചയില്‍ സുധീരന്റെ നിലപാടിനെതിരെ എ ഗ്രൂപ്പിനൊപ്പം നിന്ന ഐ ഗ്രൂപ്പ് തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കുന്ന നിലപാടിനെ ചൊല്ലിയും എ ഗ്രൂപ്പ് നേതൃത്വത്തിന് ഇതിനകം തന്നെ ചില ധാരണയുണ്ട്.

ഭരണം കിട്ടിയാലും ഇല്ലെങ്കിലും ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനം അല്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം എന്നതാണ് രമേശ് ചെന്നിത്തലയുടെ ഉന്നം.

സുധീരന് പൊതുസമൂഹത്തിലും ഹൈക്കമാന്റിലും ലഭിക്കുന്ന സ്വീകാര്യതയാണിപ്പോള്‍ ചെന്നിത്തലയുടെ ഉറക്കം കെടുത്തുന്നത്.

അതുകൊണ്ട് തന്നെ ഇത്തവണ തന്ത്രപ്രധാനമായ സ്ഥാനം കൈക്കലാക്കിയില്ലെങ്കില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഔട്ടാകുമെന്ന ആശങ്കയും ചെന്നിത്തലക്കുണ്ട്.

കെപിസിസി പ്രസിഡന്റ് എന്ന രൂപത്തില്‍ പാര്‍ട്ടിയില്‍ സുധീരന്‍ പിടിമുറുക്കുന്നത് ആശങ്കയോടെയാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ കാണുന്നത്.

എന്ത് വിലകൊടുത്തും വിജയിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി അണികള്‍ക്ക് നല്‍കിയിട്ടുള്ളത്.

പ്രാദേശിക തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനും ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇപ്പോള്‍ നേരിട്ട് രംഗത്തിറങ്ങുന്നത്.

കെ ബാബുവും,കെസി ജോസഫും അടൂര്‍ പ്രകാശും ഇനി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും യുഡിഎഫിന് ഭരണം ലഭിക്കുകയും ചെയ്താല്‍ പോലും ഇവരെ മൂന്ന്‌പേരെയും മന്ത്രിയാക്കാന്‍ ഹൈക്കമാന്റ് സമ്മതിക്കുമോ എന്ന കാര്യത്തിലും എ-ഐ ഗ്രൂപ്പുകള്‍ക്ക് ആശങ്കയുണ്ട്.

മന്ത്രി സ്ഥാനത്തേക്കും മാനദണ്ഡം കൊണ്ടുവന്ന് ഗ്രൂപ്പുകളുടെ ചിറകരിയാന്‍ സുധീരന്‍ ശ്രമിച്ചേക്കുമെന്നാണ് ഭയം.

വിധി മറിച്ചായാല്‍ തിരഞ്ഞെടുപ്പിലെ നായകനെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി പുതിയ പരീക്ഷണത്തിന് ഹൈക്കമാന്റ് മുതിര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അങ്ങിനെ വന്നാല്‍ പ്രതിപക്ഷ നേതാവെങ്കിലുമാകാമെന്ന കണക്കുകൂട്ടലിലാണ് രമേശ് ചെന്നിത്തല. എന്നാല്‍ കഴിഞ്ഞ തവണ 5000 വോട്ടുകള്‍ക്ക് മാത്രം കഷ്ടിച്ച് രക്ഷപ്പെട്ട ചെന്നിത്തലയുടെ തലയിലെഴുത്ത്, വിധിയെഴുത്ത് വന്നിട്ട് ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് മറുവിഭാഗം.

Top