താമസിയാതെ രാജ്യം മുഴുവന്‍ ഈ വിപ്ലവം നടക്കും, പഞ്ചാബിലെ വിജയത്തില്‍ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ദില്ലിയില്‍ ആരംഭിച്ച വിപ്ലവം പഞ്ചാബില്‍ എത്തിയെന്നും ഉടന്‍ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബില്‍ എഎപി ചരിത്ര വിജയം നേടിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. ‘ആദ്യം ദില്ലിയിലും പിന്നീട് പഞ്ചാബിലും ഒരു വിപ്ലവം ഉണ്ടായി. താമസിയാതെ രാജ്യം മുഴുവന്‍ ഈ വിപ്ലവം നടക്കും.’ ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്കെതിരെ എല്ലാവരും ഒത്തുകൂടി, കെജ്രിവാള്‍ തീവ്രവാദിയാണെന്ന് പറഞ്ഞു. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പറഞ്ഞത് കെജ്‌രിവാള്‍ ഒരു തീവ്രവാദിയല്ല, യഥാര്‍ത്ഥ ദേശഭക്തനാണ് എന്നാണെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ‘ദില്ലി മോഡല്‍’ ആയിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലൊന്ന്.

‘സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും നമ്മള്‍ വ്യവസ്ഥിതി മാറ്റിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ഭഗത് സിംഗ് ഒരിക്കല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 75 വര്‍ഷമായി ഈ പാര്‍ട്ടികളും രാഷ്ട്രീയക്കാരും ബ്രിട്ടീഷുകാരുടെ സമ്പ്രദായം നിലനിര്‍ത്തിയിരുന്നു. അവര്‍ സ്‌കൂളുകളോ ആശുപത്രികളോ ഉണ്ടാക്കിയില്ല. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ആം ആദ്മി പാര്‍ട്ടി ഈ സംവിധാനത്തെ മാറ്റിമറിച്ചു.’ കെജ്‌രിവാള്‍ പറഞ്ഞു.

ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കും. വിദ്വേഷത്തിന് ഇടമില്ലാത്ത, നമ്മുടെ സഹോദരിമാരും അമ്മമാരും സുരക്ഷിതരാകുന്ന, പണക്കാരനും പാവപ്പെട്ടവര്‍ക്കും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഒരു പുതിയ ഭാരതം നിര്‍മ്മിക്കുമെന്ന് നാമെല്ലാവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു.

Top