വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ തൂവാല വിപ്ലവവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ തൂവാല വിപ്ലവവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വായുജന്യ രോഗങ്ങളുടെ അപകടം വ്യക്തമാക്കി തൂവാല ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിലുള്ള നൂതന മാര്‍ഗം എന്ന നിലയിലാണ് തൂവാല വിപ്ലവം നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൂവാല സൗജന്യമായി നല്‍കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് തൂവാല നല്‍കുന്നത്. ഇടുക്കി ജില്ലയില്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ പദ്ധതിയ്ക്ക് തുടക്കമായി.

രാജ്യത്ത് ഓരോ 3 മിനിറ്റിലും 2 പേരുടെ ജീവന്‍ ക്ഷയരോഗം കവര്‍ന്നെടുക്കുന്നു. വായുവിലൂടെ ദിവസവും ആറായിരത്തിലധികം പേര്‍ക്ക് ക്ഷയരോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. തൂവാല ഉപയോഗം ശീലമാക്കിയാല്‍
ക്ഷയരോഗത്തിനൊപ്പം എച്ച്‌വണ്‍ എന്‍വണ്‍ അടക്കമുള്ള വായുജന്യ രോഗങ്ങളും പകരുന്നത് തടയാം. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് തൂവാല വിപ്ലവം നടപ്പാക്കുന്നത്.

Top