ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ മരിച്ചവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും. കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ അന്‍സി(23) ആണ് മരിച്ചത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു.

ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് ഹൈദരാബാദ് സ്വദേശി അഹ്മദ് ജഹാംഗീറിനെയും വാറങ്കല്‍ സ്വദേശി ഫര്‍ഹാജ് അഹ്‌സനെയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. വെടിയേറ്റ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാണാതായ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളാണ്.

അതേസമയം ഭീകരാക്രമണം നടത്തിയ അക്രമിക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ പറഞ്ഞു. പിടിയിലായവരെ ‍ഏപ്രില്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു.

Top