പുല്‍വാമ ആക്രമണം: മരിച്ച ജവാന്മാരുടെ എണ്ണം 44ആയി; വീരമൃത്യുവരിച്ചവരില്‍ മലയാളിയും

പുല്‍വാമ: ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.

വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. സി.ആര്‍.പി.എഫ്.82-ാം ബറ്റാലിയന്‍ അംഗമാണ്.2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി.

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായിനാട്ടുകാര്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016-ല്‍ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെവധിച്ചശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.

ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ നരേന്ദ്ര മോദി പ്രധാനമന്ത്രി അപലപിച്ചു. സെനികര്‍ക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് അദ്ദഹം പറഞ്ഞു. ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ല- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടായിരിക്കുമെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.

പുല്‍വാമയിലെ സ്ഥിതിയെ കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംസാരിച്ചു. രാജ്നാഥ് സിങ് ഇന്ന് ശ്രീനഗറിലെത്തും. പട്നയില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി.

ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരര്‍ക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സിആര്‍പിഎഫിലെ ധീരരായ ഉദ്യോഗസ്ഥരാണു വീരമൃത്യു വരിച്ചത്. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കശ്മീരിലെ രക്തച്ചൊരിച്ചിലിന് പരിഹാരം കാണണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നില്‍ക്കണമെന്നും അവര്‍ വ്യക്തമാക്കി.

ലോകജനതയെ ഞെട്ടിച്ച് പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ ലോകരാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ ഇന്ത്യ നേരിട്ട ഭീകരാക്രണത്തില്‍ അപലപിച്ച് രംഗത്തെത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ ഭീകരാക്രമണത്തില്‍ അപലപിക്കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ നടന്ന ആക്രമണത്തില്‍ ഇതുവരെ 44 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Top