ശബരിമല വിഷയത്തിൽ പ്രതികരിച്ച മലയാളിക്ക് സൗദി അറേബ്യയിൽ ജോലി നഷ്ടപ്പെട്ടു

റിയാദ്: സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയ മലയാളിക്ക് സൗദി അറേബ്യയിൽ ജോലി നഷ്ടപ്പെട്ടു. റിയാദിൽ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ദീപക് പവിത്രൻ എന്ന മലയാളിക്കാണ് ജോലി നഷ്ടമായത്.

സമൂഹ മാധ്യമങ്ങളിലൂടെ ഇയാൾ നടത്തിയ പരാമർശമാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. “സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് ആളുകളെയോ വ്യക്തികളെയോ വൃണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുന്ന ജീവനക്കാരോട് ഒട്ടും അയഞ്ഞു നില്‍ക്കാന്‍ കഴിയില്ല,” ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ വി നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

“എല്ലാ ഗൾഫ് സഹകരണ കൗൺസിലിന് കീഴിലുള്ള രാജ്യങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും മത വികാരത്തെയും അവരുടെ വിശ്വാസങ്ങളെയും, സംസ്കാരത്തെയും മതപരമായ വിശ്വാസങ്ങളെയും ഞങ്ങൾ മാനിക്കുന്നുണ്ട്,” നന്ദകുമാർ കൂട്ടിച്ചേർത്തു. സംഭവം അറിഞ്ഞതോടെ ഗൾഫിലുള്ള കേരളത്തിൽ നിന്നുള്ള പ്രവാസികൾ ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ യൂസഫ് അലി എം എയോട് തങ്ങളുടെ പിന്തുണ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ജീവനക്കാരെ ലുലു പുറത്താക്കുന്നത്.

Top