‘കേരളീയത്തിലെ ആദിമം പരിപാടി’, സംഘടിതമായി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ഇപി ജയരാജന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരളീയത്തിലെ ആദിമം പരിപാടിയെ സംബന്ധിച്ച് ചിലര്‍ സംഘടിതമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളീയത്തിലെ പൊതുജന പങ്കാളിത്തം കണ്ട് സഹിക്കാനാകാത്ത ചിലര്‍, അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ ഉന്നയിച്ച് ആദിവാസി വിരോധം വളര്‍ത്താനും ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കാനും വലിയ പരിശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.

ആദിവാസികളുടെ കലകളും ജീവിത രീതികളും അവതരിപ്പിക്കാന്‍ ഒരുക്കിയ അവസരത്തെ ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ആദിവാസി ഗോത്ര സമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും ഇപി ജയരാജന്‍ പരാമര്‍ശിച്ചു.

ആദിവാസി വിഭാഗത്തെ കൈപിടിച്ചുയര്‍ത്തി, കാലഘട്ടത്തിനനുസരിച്ച് പൊതുസമൂഹത്തിന്റ മധ്യത്തിലേക്ക്, ഉന്നതിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നും വന്യമൃഗങ്ങളോട് പോരടിച്ച് വളരേണ്ട സ്ഥിതി പല ഗോത്രവിഭാഗങ്ങള്‍ക്കുമുണ്ട്. അതെല്ലാം ഭൂതകാല ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഇവയെല്ലാം പൊതുസമൂഹത്തെ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. ഭൂതകാല ചരിത്രത്തെ കേരളത്തെ ഓര്‍മിപ്പിക്കുന്നതില്‍ ആര്‍ക്കാണ് ആശങ്ക. ചരിത്രം പഠിപ്പിക്കുമ്പോള്‍ ആരാണ് അതിനെ ഭയപ്പെടുന്നതെന്നും ഇപി ജയരാജന്‍ ഉന്നയിച്ചു.

Top