എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: കേരളവര്‍മ കോളജിലെ എസ്എഫ്‌ഐ-എബിവിപി വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഏഴ് വിദ്യാര്‍ഥികളെ സ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായി ഒരു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.കോളജ് അച്ചടക്കസമിതി നല്‍കിയ ശുപാര്‍ശയില്‍ ഇന്ന് ചേര്‍ന്ന കോളജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

വിശദമായ അന്വേഷണത്തിനു ശേഷം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു പഠിപ്പുമുടക്ക് ആഹ്വാനവുമായി എത്തിയ എബിവിപി പ്രവര്‍ത്തകരെ കേരളവര്‍മ കോളജില്‍ ക്ലാസ് മുറിയില്‍ നിന്ന് ഓടിച്ചിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചത്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരായ 7 പേരുള്‍പ്പെടെ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് പരാതി.

എബിവിപി യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയുമായ ഐ.ആര്‍.രാഹുല്‍, ഒന്നാം വര്‍ഷം പൊളിറ്റിക്‌സ് വിദ്യാര്‍ഥിയായ അക്ഷയ്, എബിവിപി യൂണിറ്റ് അംഗവും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ആരോമല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top