പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം; വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരത്തില്‍ ആവശ്യങ്ങളൊന്നും സംസ്ഥാന പൊലീസ് മേധാവികള്‍ ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അധികൃതര്‍ അറിയിച്ചു.

പുറത്തു വന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഡിജിപി ഓഫീസ് അധികൃതരും പ്രസ്താവന ഇറക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യമാണ് ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഡിജിപിമാരുടെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന്റെ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നുവെന്നും സംഘടന നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വിവരം ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, യോഗത്തില്‍ ഡിജിപി പ്രബന്ധം അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു നിര്‍ദേശവും ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും സംസ്ഥാന പൊലീസ് ആസ്ഥാനവും അറിയിച്ചു.

Top