കേരളം ആസ്ഥാനമായ റോബോട്ടിക് സ്റ്റാര്‍ട്ടപ്പിന് 20 കോടിയുടെ നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ റോബോര്‍ട്ടിക് സ്റ്റാര്‍ട്ടപ്പിന് 20 കോടിയുടെ നിക്ഷേപം. ലോകത്താദ്യമായി മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്ത ജെന്‍ റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് ചെന്നൈ ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ ‘സഹോ’ യില്‍ നിന്ന് 20 കോടിയുടെ മൂലധന ഫണ്ടിങ്ങ് ലഭിച്ചത്. എം കെ വിമല്‍ ഗോവിന്ദ്, എന്‍ പി നിഖില്‍, കെ റാഷിദ്, അരുണ്‍ ജോര്‍ജ് എന്നിവരാണ് ജെന്‍ റോബോട്ടിക്‌സിന്റെ സ്ഥാപകര്‍. തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയില്‍ ഇതിനോടകം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര, ഗൂഗിള്‍ ഇന്ത്യന്‍ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ എന്നിവരും ഇന്ത്യ വെഞ്ച്വേര്‍സ്സീ ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്.

റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി എന്നിവയുടെ സഹായത്തോടെ സുരക്ഷിതമായ ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ജെന്‍ റോബോട്ടിക് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ വിമല്‍ ഗോവിന്ദ് പറയുന്നത്. മാന്‍ ഹോള്‍ വൃത്തിയാക്കാനിറങ്ങുന്നവര്‍ ശ്വാസം മുട്ടി മരിക്കുന്നത് പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോളാണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളായിരിക്കെ ഇവര്‍ ആദ്യത്തെ റോബോട്ട് വികസിപ്പിച്ചത്. ‘ബാന്‍ഡിക്കൂട്ട്’ എന്നാണ് അതിന്റെ പേര് ഇന്നാ റോബോട്ട് വിദേശരാജ്യങ്ങളില്‍ വരെ ഉപയോഗിക്കുന്നുണ്ട്.

Top