കഴിഞ്ഞ 5 വർഷം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നില്ല:പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ 5 വർഷം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർണായക ഘട്ടങ്ങളിൽ ഇവർ നിശബ്ദത പാലിച്ചു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്ന കാര്യത്തിലും യുഡിഎഫ് എംപിമാർ നിശബ്ദത പാലിച്ചു. 18 യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി ശബ്ദിച്ചില്ല. ഇതെല്ലാം കോൺ​ഗ്രസിനെ ജയിപ്പിച്ച ശുദ്ധമനസ്കർ ശാന്തമായി ആലോചിക്കണം. യുഡിഎഫ് എംപിമാർ വമ്പിച്ച പരാജയമാണ്. തെറ്റായ നിലപാടുകൾ കേന്ദ്ര സർക്കാർ എടുത്തപ്പോൾ അരുത് എന്ന് പറയാൻ ഇവരുടെ ആരുടെയെങ്കിലും നാക്ക് അനങ്ങിയോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

‘വേണ്ടി വന്നാൽ ബിജെപി ആകുമെന്നാണ് കെപിസിസി പ്രസിഡന്റ് ഒരിക്കൽ പറഞ്ഞത്. ഐടി സെൽ മേധാവി ആദ്യം പോയി ഇപ്പോൾ മറ്റൊരാളായി. കേരളത്തിലെ പ്രധാന നേതാക്കളുടെ മക്കളാണ് ബിജെപിയിലേക്ക് പോയത്. ഇത്രയും നാളും ഇവരെ തീറ്റിപ്പോറ്റി വളർത്തിയത് ബിജെപിയിൽ പോകാനായിരുന്നുവെന്നും മുഖ്യമന്ത്രി. സമരാഗ്നിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വളരെ യോജിപ്പ് ആണെന്ന് കാണിക്കാനുള്ള പരിപാടി. നല്ല യോജിപ്പായിരുന്നു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. അതെടുത്ത് പറയുന്നില്ല. സമരാഗ്നി സമാപനത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി തിരിച്ചുപോയി പറഞ്ഞത് എനിക്ക് നരേന്ദ്രമോദി വല്യേട്ടനാണ് എന്നാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് ഇത് പറയുന്നത് എന്ന് ഓർക്കുക’. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.

കേരളത്തിന് അർഹതപ്പെട്ട പണം നിഷേധിക്കുന്നുവെന്നും ഇത് ശരിയല്ലെന്ന് പറയാൻ എംപിമാർക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. മോദി ​ഗ്യാരന്റിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ​ഗ്യാരന്റി ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് വേണ്ടത്. മോദി സർക്കാർ ആളുകളെ മോഹവലയത്തിൽപ്പെടുത്തുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ അതിന്റെ തെളിവാണ്. ഇക്കാര്യത്തിൽ ആർഎസ്എസിൽ നിന്ന് എന്ത് വ്യത്യസ്ത നിലപാടാണ് കോൺ​ഗ്രസിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Top