ഞങ്ങള്‍ക്കറിയാം നിങ്ങളുടെ നഷ്ടങ്ങളുടെ ആഴം; ബംഗാളിനും ഒഡീഷയ്ക്കും പിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാള്‍ ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് കേരളത്തിന്റെ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിസന്ധിയെ മറികടക്കാന്‍ പൊരുതുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും പിണറായി വിജയന്‍ കത്തയച്ചു.

ബംഗാളില്‍ ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. ബംഗാളില്‍ ജനജീവിതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധി മനുഷ്യ ജീവനുകളും ആയിരങ്ങള്‍ക്ക് കിടപ്പാടവും ജീവനോപാധിയുമാണ് ഇതിലൂടെ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഒഡീഷയിലും ദുരന്തം ഏല്‍പ്പിച്ച ആഘാതം ചെറുതല്ലെന്നും, പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top