കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതിയില്‍.സംസ്ഥാനത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ഇന്നും നാളെയും ഹരജിയില്‍ വിശദമായ വാദം കേള്‍ക്കും.ഹര്‍ജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാന്‍ തീരുമാനിച്ചത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിസിച്ചെന്ന വാദമാണ് കേരളം മുന്നോട്ട് വയ്ക്കുക. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേരളം അറിയിക്കും. വായ്പാ പരിധി നിലനിര്‍ത്താന്‍ കോടതി ഇടപെടണം എന്നാണ് കേരളത്തിന്റെ ആവശ്യം.

സമവായ ചര്‍ച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്തു നല്‍കാന്‍ കഴിയാതിരുന്നത് കേന്ദ്രം ആയുധമാക്കിയേക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് സുപ്രിംകോടതിയില്‍ കേസ് പരിഗണിക്കുന്നത്.

Top