തിരുവനന്തപുരത്ത് ലുലു മാളിൽ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്ററിന് തുടക്കമായി

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്സിലാണ് ഐമാക്സ് സ്ക്പീനിംഗ് തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ 22-ാമത് ഐമാക്സ് സ്ക്രീന്‍ ആണ് ഇത്. ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം. ഡിസംബര്‍ 16 ന് അവതാറിന്റെ റിലീസ് ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ ഐമാക്സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല.

അതേസമയം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്. അവതാര്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും ചിത്രം ഐമാക്സില്‍ കാണാന്‍ സിനിമാപ്രേമികളുടെ തിരക്ക് അനുഭവപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഞായറാഴ്ച വരെയുള്ള മിക്ക ഷോകള്‍ക്കും വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിക്കുന്നത്. 1230, 930, 830 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

കേരളത്തിലെ ആദ്യ ഐമാക്സ് തിരുവനന്തപുരം ലുലു മാളില്‍ വരുമെന്ന് സോഷ്യല്‍ മീഡിയയില്‍ വര്‍ഷങ്ങളായി പ്രചരണം ഉണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രീതം ഡാനിയല്‍ ഒക്ടോബറില്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കേരളത്തില്‍ ഐമാക്സ് സ്ക്രീനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം അന്ന് അറിയിച്ചത്.

കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിനായി സെന്റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍.

Top