ഓടിപ്പഴകി തുരുമ്പെടുത്ത വണ്ടിയോടിച്ച് പണി കിട്ടി കേരള പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് ലക്ഷം കിലോമീറ്ററിലധികം ഓടിയ ശേഷം ഉപേക്ഷിച്ച വണ്ടി. ഓടിപ്പഴകിയിട്ടും തുരുമ്പെടുത്തു തുടങ്ങിയിട്ടും എ ആര്‍ ക്യാമ്പില്‍ വണ്ടി വീണ്ടുമോടി. മെസ് ഡ്യൂട്ടിക്ക് നല്‍കാന്‍ വേറെ വണ്ടിയില്ലാത്തത് കൊണ്ട് കയറുകെട്ടിയും ഓടി. അങ്ങനെയാണ് അപകടത്തില്‍പ്പെടുന്നതും.

മൂന്ന് ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ ശേഷം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആര്‍ ക്യാമ്പിലേക്ക് നല്‍കി. ആ വാഹനമാണ് ഇന്നലെ അപകടത്തില്‍പെട്ടത്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാന്‍ ഫണ്ട് പാസാകാത്തതിനാല്‍ മിക്കയിടത്തും വണ്ടികള്‍ കട്ടപ്പുറത്തുമാണ്. പ്ലാസ്റ്റിക് കയറ് കൊണ്ട് താങ്ങിനിര്‍ത്തിയ മഡ്ഗാര്‍ഡിലുണ്ട് പൊലീസ് സേനയുടെ പരിമിതിയും ഗതികേടും. ഇങ്ങനെയൊക്കെ ഓടുന്നുവെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് അപകടത്തില്‍പ്പെട്ടതുകൊണ്ടാണ്.

സമയത്ത് അറ്റകുറ്റപ്പണി നടക്കുന്നില്ല. പണിക്ക് കയറ്റിയാലും പകരം വണ്ടി നല്‍കാനില്ല. അറ്റകുറ്റപ്പണിക്ക് കയറ്റിയ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ വണ്ടി സ്‌പെയര്‍ പാട്‌സ് വാങ്ങാന്‍ പണം പാസാകാത്തതുകൊണ്ട് വര്‍ക്ക് ഷോപ്പില്‍ തന്നെ കിടക്കുകയാണ്. മാത്രമല്ല കടകളില്‍ കുടിശ്ശികയുമുണ്ട്. വര്‍ക്ക് ഷോപ്പില്‍ വണ്ടിയിടാന്‍ ഷെഡില്ല. തുക വകയിരുത്തും വരെ മഴയും വെയിലുമേറ്റ് കിടക്കണം. ജീവന്‍ പണയം വെച്ചാണ് ഓട്ടം. അപകടമുണ്ടായാല്‍ പൊലീസുകാരില്‍ നിന്ന് തന്നെ തുകയീടാക്കും. പഴകിയ വണ്ടിയോടിച്ച് പണി കിട്ടുന്നതില്‍ സേനക്കുളളിലും അമര്‍ഷമുണ്ട്.

Top